കാഠ്മണ്ഡു: നേപ്പാളിലെ ഭോട്ടെ കോശി, ത്രിശൂലി നദികളിൽ ബുധനാഴ്ച രാവിലെയുണ്ടായ അതിരൂക്ഷമായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 160 ആയി ഉയർന്നു. ദുരന്തത്തിൽ കൈലാസ് മാനസസരോവർ തീർത്ഥാടകരായ 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ലധികം ആളുകളെ കാണാതായതായി ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതിർത്തി ഗ്രാമങ്ങളായ റസുവ, നുവാക്കോട്ട്, ധാഡിംഗ് തുടങ്ങിയ ജില്ലകളിലാണ് പ്രളയം വൻ നാശം വിതച്ചത്ദുരന്തത്തിന് തൊട്ടുമുമ്പ് രേഖപ്പെടുത്തിയ പ്രകമ്പനം സ്വാഭാവിക ഭൂകമ്പമല്ലെന്നും മറിച്ച് വൻതോതിലുള്ള ഹിമപാതമോ (Glacial collapse) കൂറ്റൻ ഉരുൾപൊട്ടലോ മൂലമുണ്ടായ ഭൂചലന തരംഗങ്ങളാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS) വ്യക്തമാക്കി.

മലയോര മേഖലയിൽ രൂപപ്പെട്ട മണ്ണിടിച്ചിൽ കാരണം നദിയിലെ ഒഴുക്ക് തടസ്സപ്പെടുകയും, തുടർന്ന് ഡാം തകരുന്നത് പോലെ ഭീമൻ വെള്ളപ്പൊക്കം താഴേക്ക് പതിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

പ്രളയത്തിന്റെ ശക്തിയിൽ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണ്ണമായി ഒലിച്ചുപോയി. അപകട സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലെ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.തീർത്ഥാടകരും വിനോദസഞ്ചാരികളും അടക്കം നൂറുകണക്കിന് ആളുകൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ഹെലികോപ്റ്ററുകളും ബോോട്ടുകളും ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

പ്രളയബാധിത പ്രദേശങ്ങളിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കേരള സർക്കാർ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാണാതായവർക്കും സഹായം ആവശ്യമുള്ളവർക്കുമായി നോർക്ക റൂട്ട്സ് പ്രത്യേക ഹെൽപ്പ് ലൈൻ (1070) ആരംഭിച്ചിട്ടുണ്ട്. കൂടാതെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഹെൽപ്പ് ലൈൻ നമ്പറുകളായ 0086 139 8999 0012, 0086 185 1428 4905 എന്നിവയിലും ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *