വാഷിങ്ടൺ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ അദ്ദേഹത്തിന് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റേഡിയോ അവതാരകൻ ഗ്ലെൻ ബെക്കുമായുള്ള ഫോൺ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.പിതാവ് ആയത്തുള്ള അലി ഖമേനി സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് മുജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റത്.
എന്നാൽ സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതിരുന്നതും ചിത്രങ്ങൾ പുറത്തുവരാതിരുന്നതും അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്ന അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു.അദ്ദേഹം മരിച്ചുവെന്ന് ഞാൻ കരുതുന്നില്ല. ആക്രമണത്തിൽ അദ്ദേഹത്തിന് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരത്തിന്റെ ഇടതുഭാഗം, കൈ, കാൽ തുടങ്ങി എല്ലാ ഭാഗത്തും പരിക്കുണ്ട്.
ഇനി അഥവാ അദ്ദേഹം ജീവനോടെയില്ലെങ്കിൽ ഇറാൻ വളരെ മികച്ച ഒരു നാടകം കളിക്കുകയാണെന്നാണ് അർത്ഥം,” എന്ന് ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ തീയതി രേഖപ്പെടുത്താത്ത ചില വീഡിയോകളും പ്രസ്താവനകളും ഇടയ്ക്കിടെ പുറത്തുവിടുന്നുണ്ടെങ്കിലും, മുജ്തബ ഖമേനിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ വെളിപ്പെടുത്തലോടെ പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയത്തിൽ മുജ്തബയുടെ നിലനിൽപ്പ് വീണ്ടും വലിയ ചർച്ചയാവുകയാണ്.

