ദോഹ/ടെഹ്‌റാൻ: ആറുമാസത്തോളമായി നീളുന്ന അമേരിക്ക-ഇറാൻ സൈനിക സംഘർഷത്തിന് അയവുവരുത്താനും പശ്ചിമേഷ്യയെ വൻ ഊർജ്ജ പ്രതിസന്ധിയിലാക്കിയ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽതാനി ടെഹ്‌റാനിലെത്തി.

ഇറാന്റെ മുതിർന്ന ഭരണാധികാരികളുമായി അദ്ദേഹം നടത്തുന്ന നിർണായക ചർച്ചകൾ മേഖലയിലെ സംഘർഷങ്ങൾക്ക് വലിയ രീതിയിൽ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തിയ ആക്രമണങ്ങളെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിക്കുകയും പ്രവേശനം തടയുകയും ചെയ്തിരുന്നു. ആഗോളതലത്തിൽ എണ്ണ-വാതക വിതരണം സ്തംഭിപ്പിച്ച ഈ അടച്ചിടൽ അവസാനിപ്പിക്കുന്നതിനായുള്ള മധ്യസ്ഥ ചർച്ചകൾക്കാണ് ഖത്തർ നേതൃത്വം നൽകുന്നത്.

ഇറാനെതിരെയുള്ള യുഎസ് ഉപരോധങ്ങളും ഉപരോധ സമാനമായ ഉപരോധ നീക്കങ്ങളും പിൻവലിക്കുക, പകരം അന്താരാഷ്ട്ര കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത പാത അനുവദിക്കുക തുടങ്ങിയ ധാരണകളാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾപാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ടെഹ്‌റാൻ സന്ദർശനത്തിനും അമേരിക്ക നൽകിയ സന്ദേശങ്ങൾ കൈമാറിയതിനും തൊട്ടുപിന്നാലെയാണ് ഖത്തർ പ്രധാനമന്ത്രിയുടെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.

മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും നയതന്ത്ര ചർച്ചകൾ മാത്രമാണ് ഒരേയൊരു ശാശ്വത പരിഹാരമെന്ന് മാജിദ് അൽ അൻസാരി വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ അമേരിക്കയും ഇറാനും തമ്മിൽ ദോഹയിൽ നേരിട്ടോ അല്ലാതെയോ ഉള്ള സാങ്കേതിക തലത്തിലുള്ള ചർച്ചകൾ ആരംഭിക്കാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *