മനാമ: പൗരന്മാരെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി ബഹ്റൈൻ സായുധ സേന അറിയിച്ചു. രാജ്യത്തിനെതിരെ ഇറാൻ തുടരുന്ന ശത്രുതാപരമായ നിലപാടുകളുടെ ഭാഗമായാണ് ഈ കടന്നാക്രമണങ്ങളെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഏത് അടിയന്തര സാഹചര്യത്തെയും അതിശക്തമായി നേരിടാൻ രാജ്യത്തെ സേനാ വിഭാഗങ്ങളും പ്രതിരോധ സംവിധാനങ്ങളും സദാ സജ്ജമാണ്.
ആക്രമണത്തിന് ഇരയായ മേഖലകളിൽ അവശിഷ്ടങ്ങൾ വീണുകിടക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. അപരിചിതമായ വസ്തുക്കളോ അവശിഷ്ടങ്ങളോ കണ്ടാൽ യാതൊരു കാരണവശാലും അടുത്തേക്ക് പോകരുതെന്നും ഉടനടി അധികൃതരെ വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഇവ സുരക്ഷിതമായി നീക്കം ചെയ്യാനായി റോയൽ ഫീൽഡ് എൻജിനീയറിങ് യൂണിറ്റ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സ്വദേശികളുടെയും പ്രവാസികളുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് സായുധ സേന ആവർത്തിച്ചു.

