വള്ളികുന്നം (ആലപ്പുഴ): പത്തുകൊല്ലം തികച്ചു ഭരിച്ച നമുക്ക് അഹങ്കാരം കൂടിയിരുന്നുവെന്നും ജനത്തിന്റെ വികാരത്തിനൊപ്പം നിൽക്കാനായില്ലെന്നും സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ടി.എം. തോമസ് ഐസക്. ശൂരനാട് സമരസ്മാരകമായി മണയ്ക്കാട് ജങ്ഷനു സമീപം സി പി.എം. വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിക്കു നിർമിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ വികാരങ്ങളെ കണക്കിലെടുത്തു വേണമായിരുന്നു സ്ഥാനാർഥികളെ തീരുമാനിക്കാൻ. അയ്യപ്പസംഗമത്തിൽ എന്താണു പറഞ്ഞതെന്നു വ്യാഖ്യാനിക്കാനായില്ല. സഹകരണബാങ്കുകൾ ജനങ്ങളിൽനിന്ന് കാശു വാങ്ങിയെങ്കിൽ തിരിച്ചു കൊടുക്കണം.
വായ്പ വാങ്ങിയവർ തിരിച്ചടയ്ക്കണം. അടയ്ക്കാത്തവരെ പാർട്ടി പുറത്താക്കണം. എങ്കിേല ജനങ്ങൾക്കു വിശ്വാസമുണ്ടാകൂ. നമ്മൾ നന്നായി എന്ന് ജനങ്ങൾക്കു മനസ്സിലാകണം. തിരഞ്ഞെടുപ്പിലെ തോൽവിക്കു കാരണമായ പോരായ്മകൾ പലതുണ്ട്. അതൊക്കെ തിരുത്തണം. കേരളത്തിൽ ഇത്തവണ വലിയ വലതുപക്ഷ ഏകീകരണമാണുണ്ടായത്. വിജയിക്കാനായി യു.ഡി.എഫ്. ജാതിയും മതവുമെല്ലാം ഫലപ്രദമായി ഉപയോഗിച്ചു.
ഭരണതുടർച്ചയുടെ പശ്ചാത്തലത്തിൽ പാർട്ടിക്കുള്ളിലും ഭരണതലത്തിലും ഉണ്ടായ ചില വീഴ്ചകളും ജനങ്ങളിൽ നിന്നുള്ള അകൽച്ചയുമാണ് തെരഞ്ഞെടുപ്പിലെ പ്ര തിരിച്ചടികൾക്ക് കാരണമെന്ന തുറന്നുപറച്ചിലാണ് ഐസക്കിന്റെ വാക്കുകളിൽ നിഴലിക്കുന്നത്. ജനകീയ വിഷയങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്നതിൽ വീഴ്ച പറ്റിയെന്നും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രയാസങ്ങൾ കേൾക്കുന്നതിന് പകരം അഹങ്കാരത്തോടെയുള്ള സമീപനം പാർട്ടി അണികളിലും നേതാക്കളിലും പ്രതിഫലിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വരും ദിവസങ്ങളിൽ പാർട്ടി തലത്തിൽ വലിയ ആത്മപരിശോധനകൾക്കും സംഘടനയെ ജനകീയമായി വീണ്ടെടുക്കുന്നതിനുള്ള തിരുത്തൽ നടപടികൾക്കും തോമസ് ഐസക്കിന്റെ ഈ പരസ്യമായ നിലപാട് തുടക്കം കുറിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

