പശ്ചിമേഷ്യൻ മേഖലയെ വൻ ദുരന്തമുഖത്തേക്ക് തള്ളിവിട്ടുകൊണ്ട് യുഎസും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ പുതിയ തലങ്ങളിലേക്ക് പടരുന്നു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങളും ഇറാന്റെ സൈനിക നീക്കങ്ങളും ചൂണ്ടിക്കാണിച്ച് യുഎസ് സെൻട്രൽ കമാൻഡ് ഇറാനിലെ ഐ.ആർ.ജി.സി (IRGC) കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണം അതിരൂക്ഷമായ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്.
ഇറാന്റെ തെക്കൻ മേഖലയായ സിറിക്കിൽ ഒരു വിവാഹച്ചടങ്ങ് നടന്ന വീടിന് മേൽ മിസൈൽ പതിച്ച് കുട്ടിയടക്കം നിരപരാധികളായ നാല് സാധാരണക്കാർ കൊല്ലപ്പെടുകയും അൻപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
അമേരിക്കൻ അധിനിവേശത്തിന് മറുപടിയായി ജോർദാനിലെയും ഇറാഖിലെയും യുഎസ് താവളങ്ങളിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതിനൊപ്പം ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെയും പ്രത്യാക്രമണത്തിന് ശ്രമിച്ചു.
ഇരുപക്ഷവും ശക്തമായ സൈനിക നീക്കങ്ങളുമായി മുന്നോട്ടുപോകുന്നതോടെ ഹോർമുസിലൂടെയുള്ള അന്താരാഷ്ട്ര എണ്ണ വിതരണം തടസ്സപ്പെടാനും ആഗോള വിപണിയിൽ കടുത്ത ഇന്ധന പ്രതിസന്ധി രൂപപ്പെടാനുമുള്ള സാധ്യത ഏറിയിരിക്കുകയാണ്.

