ഓസ്‌ലോ/ചിസിനാവു: നോർവേയിലെ ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഒസ്ലോയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കിയുടെ വിമാനം ഡ്രോൺ ഭീഷണിയെത്തുടർന്ന് അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
മൊൾഡോവയിലെ ചിസിനാവു വിമാനത്താവളത്തിൽനിന്ന് ടേക്ക് ഓഫ് ചെയ്യാൻ തയാറെടുക്കുമ്പോഴാണ് വിമാനത്തിനു തൊട്ടടുത്ത് അപകടകരമായ രീതിയിൽ ഡ്രോൺ എത്തിയത്.സംഭവത്തെ തുടർന്ന് മൊൾഡോവ താൽക്കാലികമായി വ്യോമാതിർത്തി അടച്ചുപൂട്ടുകയും സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു.
വിമാനത്താവളത്തിൽനിന്ന് 160 കിലോമീറ്റർ അകലെ ഡ്രോൺ തകർന്നു വീണതായി സ്ഥിരീകരിച്ച ശേഷമാണ് സെലെൻസ്‌കിയുടെ വിമാനത്തിന് ടേക്ക് ഓഫിന് അനുമതി നൽകിയത്. ഈ സംഭവം യുക്രൈൻ പ്രസിഡന്റ് നേരിടുന്ന അതിരൂക്ഷമായ സുരക്ഷാ ഭീഷണിയാണ് വ്യക്തമാക്കുന്നതെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്‌റ്റോർ പ്രതികരിച്ചുറഷ്യയുടെ നിരീക്ഷണ അല്ലെങ്കിൽ ആക്രമണ ഡ്രോണാണ് അതിർത്തി ലംഘിച്ചെത്തിയതെന്ന് മൊൾഡോവ ആരോപിച്ചു.
സംഭവം യാദൃച്ഛികമല്ലെന്നും സെലെൻസ്‌കിയുടെ യാത്ര ലക്ഷ്യമിട്ടുള്ള നീക്കമാണോ എന്ന് അന്വേഷിച്ചു വരികയാണെന്നും യു.എസിലെ മൊൾഡോവൻ അംബാസഡർ വ്‌ളാഡിസ്ലാവ് കുൽമിൻസ്‌കി വ്യക്തമാക്കി. അതേസമയം ആരോപണങ്ങളിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല

