ഐഎസ്എസ് (ISS) എന്ന രാജ്യാന്തര ബഹിരാകാശ നിലയം കണ്ട് ശീലിച്ച മലയാളി പ്രേക്ഷകർക്ക് അപൂർവ്വമായൊരു കാഴ്ചാനുഭവം സമ്മാനിക്കാൻ ചൈനയുടെ സ്വന്തം ബഹിരാകാശ നിലയമായ ‘ടിയാങ്ഗോങ്’. വെള്ളിയാഴ്ച വൈകിട്ട് 7.26 മുതൽ 7.30 വരെയുള്ള നാല് മിനിറ്റ് സമയം കൊണ്ട് ടിയാങ്ഗോങ് കേരളത്തിന് മുകളിലൂടെ കടന്നുപോകും.
മൂന്ന് വർഷത്തോളമായി ഭൂമിയെ വലംവെക്കുന്ന ഈ ചൈനീസ് നിലയം ഇതിനുമുമ്പും കേരളത്തിൽ ദൃശ്യമായിട്ടുണ്ടെങ്കിലും, സംസ്ഥാനത്തുടനീളം ഇത്രയും വ്യക്തമായി വെളിപ്പെടുന്നത് ആദ്യമായാണ്. കാർമേഘങ്ങളുടെ തടസ്സമില്ലെങ്കിൽ വാനനിരീക്ഷകർക്കും പൊതുജനങ്ങൾക്കും നഗ്നനേത്രങ്ങൾ കൊണ്ട് ഈ അപൂർവ്വ ദൃശ്യം കാണാൻ സാധിക്കും.
ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ടിയാങ്ഗോങ് സഞ്ചരിക്കുന്നത്. നിലവിൽ മൂന്ന് ചൈനീസ് ബഹിരാകാശ സഞ്ചാരികളാണ് വിവിധ ഗവേഷണങ്ങൾക്കായി ഈ നിലയത്തിലുള്ളത്. രാത്രി 7.26-ഓടെ കേരളത്തിന്റെ വടക്കു-പടിഞ്ഞാറ് അറബിക്കടലിനു മുകളിലാണ് ടിയാങ്ഗോങ് ആദ്യമായി പ്രത്യക്ഷപ്പെടുക.
വടക്കൻ മലബാർ മുതൽ തെക്കൻ കേരളം വരെ തിളങ്ങുന്ന നക്ഷത്രം പോലെ വടക്കുനിന്ന് തെക്കോട്ട് നീങ്ങുന്ന ഈ നിലയം 7.28 ഓടെ ഏറ്റവും തെളിമയോടെ ദൃശ്യമാകും. തുടർന്ന് 7.30-ഓടെ തെക്കൻ തമിഴ്നാടും കടന്ന് ശ്രീലങ്കയ്ക്ക് മുകളിലേക്ക് നീങ്ങുന്നതോടെ കേരളീയരുടെ കാഴ്ചയിൽ നിന്ന് അപ്രത്യക്ഷമാകും.

