സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർക്ക് ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ. ശസ്ത്രക്രിയയ്ക്കു വിധേയനായ ശ്രേയസ് അയ്യരെ തീവ്രപരിചരണ വിഭാഗത്തിൽനിന്നു മാറ്റിയതായി നേരത്തെ വിവരമുണ്ടായിരുന്നു.
എന്നാൽ താരത്തിനു ശസ്ത്രക്രിയ വേണ്ടിവന്നില്ലെന്നാണ് ബിസിസിഐ സെക്രട്ടറിയുടെ വാദം.
താരത്തിനുണ്ടായ ആന്തരിക രക്തസ്രാവം മറ്റൊരു വഴിയിലൂടെ പരിഹരിച്ചതായുംദേവജിത് സൈകിയ വ്യക്തമാക്കി.ശ്രേയസിന്റെ പരുക്ക് ഗൗരവുള്ളതാണെങ്കിലും അദ്ദേഹം വളരെ പെട്ടെന്നു തന്നെ സുഖപ്പെടുന്നുണ്ട്.
ഡോക്ടർമാർ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് അദ്ദേഹത്തിന്റെ പരുക്കു മാറുന്നത്. ഐസിയുവിൽനിന്ന് മാറ്റിയെങ്കിലും ശ്രേയസ് ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.
ശ്രേയസിനൊപ്പം ആശുപത്രിയിലുള്ള ഇന്ത്യൻ ടീം ഡോക്ടർ റിസ്വാൻ ഖാനുമായി ഞാൻ സംസാരിക്കുന്നുണ്ട്. സാധാരണ ഇത്തരം പരുക്കുകൾക്ക് ആറു മുതൽ എട്ടാഴ്ച വരെ സമയം വേണ്ടിവരാം. എന്നാൽ ശ്രേയസിന്റെ കാര്യത്തിൽ നമുക്ക് അദ്ഭുതങ്ങൾ പ്രതീക്ഷിക്കാം.കാരണം അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ വേഗത്തിൽ മെച്ചപ്പെടുന്നുണ്ട്.’’– ദേവജിത് സൈകിയപറഞ്ഞു.ശ്രേയസിന് ശസ്ത്രക്രിയ ഉണ്ടായിരുന്നില്ല.
മറ്റൊരു രീതിയിലാണ് രക്തസ്രാവം പരിഹരിച്ചത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ റിക്കവറി ഇത്ര വേഗത്തിൽ സംഭവിക്കുന്നത്.’’– സൈകിയ വ്യക്തമാക്കി. ഇടതു വാരിയെല്ലിനും പ്ലീഹയ്ക്കും (സ്പ്ലീൻ) പരുക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം സിഡ്നിയുള്ള ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.
പരുക്കേറ്റതിനു പിന്നാലെ ഡ്രസിങ് റൂമിലെത്തിയ ശ്രേയസ് ബോധരഹിതനായെന്നും ഹൃദയമിടിപ്പ് കുറഞ്ഞെന്നും അതോടെയാണ് ഐസിയുവിലേക്കു മാറ്റാൻ തീരുമാനിച്ചതെന്നും ബിസിസിഐ അറിയിച്ചു.
ബിസിസിഐയുടെ മെഡിക്കൽ സംഘവും സിഡ്നിയിൽ എത്തിയിരുന്നു. ഇവരുടെ കൂടി മേൽനോട്ടത്തിലായിരിക്കും തുടർ ചികിത്സകൾ. ശ്രേയസിന്റെ കുടുംബാംഗങ്ങൾ അടുത്ത ദിവസം തന്നെ സിഡ്നിയിൽ എത്തുമെന്നാണ് വിവരം.
