കാന്‍ബറ: മഴ കാരണം ഉപേക്ഷിച്ച ഇന്ത്യ – ഓസ്‌ട്രേലിയ ആദ്യ ട്വന്റി 20യില്‍ റെക്കോര്‍ഡിട്ട് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ട്വന്റി 20യില്‍ അതിവേഗം 150 സിക്‌സറുകള്‍ നേടുന്ന താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. 86 ഇന്നിങ്‌സുകളില്‍ നിന്നാണ് സൂര്യയുടെ റെക്കോര്‍ഡ് നേട്ടം.

205 സിക്‌സറുകളുമായി രോഹിത് ശര്‍മയാണ് സിക്‌സര്‍ കിങ്ങുകളില്‍ ഒന്നാമന്‍. 1,649 പന്തുകള്‍ നേരിട്ടാണ് സൂര്യ ഈ നേട്ടത്തിലെത്തിയത്. യുഎഇ താരംമുഹമ്മദ് വസീം 66 ഇന്നിങ്‌സില്‍ നിന്ന് 150 സിക്‌സറുകള്‍ നേടിയിട്ടുണ്ട്. പക്ഷേ ഐസിസിയിലെ അസോസിയേറ്റ് രാജ്യമായാണ് യുഎഇയെ പരിഗണിക്കുന്നത്.

അതേസമയം, ഓസ്ട്രേലിയ – ഇന്ത്യ ഒന്നാം ടി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. കാന്‍ബറ, മനുക ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 9.4 ഓവറില്‍ ഒന്നിന് 97 എന്ന നിലയില്‍ നില്‍ക്കെയാണ് രണ്ടാമതും മഴയെത്തിയത്.

തുടര്‍ന്ന് തോരാമഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (24 പന്തില്‍ 39), ശുഭ്മാന്‍ ഗില്‍ (20 പന്തില്‍ 37) എന്നിവരായിരുന്നു ക്രീസില്‍. അഭിഷേക് ശര്‍മയുടെ (14 പന്തില്‍ 19) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നതാന്‍ എല്ലിസിലാണ് വിക്കറ്റ്. നേരത്തെ അഞ്ചാം ഓവറിന് ശേഷം മഴ എത്തിയതിനെ തുടര്‍ന്ന് മത്സരം 18 ഓവറാക്കി ചുരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *