വിശാഖപട്ടണം: ഇന്ത്യയില്‍ പര്യടനത്തിനെത്തിയ വിദേശ ക്രിക്കറ്റ് ടീം സമീപകാലത്തൊന്നും ഒരേസമയം ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ജയിച്ചിട്ടില്ല. 1986-87ല്‍ പാകിസ്താനാണ് അവസാനമായി രണ്ടുപരമ്പരകളിലും ഇന്ത്യയെ കീഴടക്കി മടങ്ങിയത്. ഇപ്പോള്‍ ദക്ഷിണാഫ്രിക്ക അങ്ങനെയൊരു അപൂര്‍വനേട്ടത്തിന്റെ വക്കിലാണ്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ജയിച്ച (2-0) ‘പ്രോട്ടീസ്’ ഏകദിനപരമ്പരയിലും ഒപ്പത്തിനൊപ്പമുണ്ട് (1-1). അതിലെ മൂന്നാം മത്സരത്തിന് ശനിയാഴ്ച ഇറങ്ങുമ്പോള്‍ ചരിത്രപരാജയം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യ. മത്സരം ഉച്ചയ്ക്ക് 1.30 മുതല്‍ വിശാഖപട്ടണത്ത്.

ആദ്യ രണ്ടുമത്സരങ്ങളിലും ആദ്യം ബാറ്റുചെയ്ത ഇന്ത്യ മികച്ച സ്‌കോര്‍ (349, 358) നേടിയെങ്കിലും രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇത്രയും ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്നു ജയിച്ചു.

ഇന്ത്യയുടെ ആത്മവിശ്വാസത്തെത്തന്നെ ബാധിക്കുന്ന തോല്‍വിയായി അത്. രണ്ടു കളിയിലും ടോസ് നിര്‍ണായകമായിരുന്നു”ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയെങ്കിലും സന്ധ്യയോടെ മഞ്ഞുവീഴ്ച (ഡ്യൂ ഫാക്റ്റര്‍) തുടങ്ങുമ്പോള്‍ ബൗളര്‍മാര്‍ക്ക് കാര്യമായി ഗ്രിപ്പ് കിട്ടുന്നില്ല. അതുകൊണ്ട് എതിരാളിക്ക് അനായാസം സ്‌കോര്‍ചെയ്യാനാകുന്നു.

ഏകദിനത്തില്‍ തുടര്‍ച്ചയായി 20 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടപ്പെട്ടു. ശനിയാഴ്ച ഇന്ത്യന്‍ ഇലവനില്‍ മാറ്റത്തിന് സാധ്യത കുറവാണ്. ശുഭ്മന്‍ ഗില്ലിന്റെ അഭാവത്തില്‍ ഓപ്പണറായെത്തിയ യശസ്വി ജയ്സ്വാള്‍ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചില്ല. നാലാം നമ്പറില്‍ കഴിഞ്ഞ ദിവസം സെഞ്ചുറിനേടിയ ഋതുരാജ് ഗെയ്ക്വാദ് യഥാര്‍ഥത്തില്‍ ഓപ്പണറാണ്.

ഋതുരാജിനെ ഓപ്പണറായി പരീക്ഷിച്ച് നാലാംനമ്പറില്‍ തിലക് വര്‍മ, ഋഷഭ് പന്ത് എന്നിവരിലൊരാളെ ഇറക്കുമോ എന്ന സംശയമുണ്ട്. ദക്ഷിണാഫ്രിക്കയുടെ നാന്ദ്രെ ബര്‍ഗര്‍, ടോണി ഡി സോര്‍സി എന്നിവര്‍ക്ക് കഴിഞ്ഞമത്സരത്തിനിടെ പേശിവലിവുണ്ടായി. ഇവര്‍ക്കുപകരം ഒട്ട്നീല്‍ ബാര്‍ട്മാന്‍, റയാന്‍ റിക്കള്‍ട്ടണ്‍ എന്നിവര്‍ ഇലവനിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *