താരസംഘടനയായ ‘അമ്മ’യിൽ നിലവിൽ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്കെതിരെ കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ നേടിയെടുത്ത വിവരം പങ്കുവെച്ച് നടി ശ്വേതാ മേനോൻ. പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് കരുത്തായി നിന്ന മുതിർന്ന താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ശ്വേത സോഷ്യൽ മീഡിയ കുറിപ്പിലൂടെ നന്ദി അറിയിച്ചു.
സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ മുതലെടുത്ത് ചിലർ പിൻവാതിലിലൂടെ ‘അമ്മ’യെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും, ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല സംഘടനയുടെ ഭാവി തീരുമാനിക്കേണ്ടതെന്നും ശ്വേത രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.
“രാജിവയ്ക്കരുതെന്നും, നിലപാടിൽ ഉറച്ചുനിന്ന് പോരാടണമെന്നും” തന്നോട് ആവശ്യപ്പെട്ട മമ്മൂക്കയോടും ലാലേട്ടനോടും, ഒപ്പം നിന്ന മറ്റ് അംഗങ്ങളോടുമുള്ള കടപ്പാട് വ്യക്തമാക്കിയ താരം, പ്രശസ്ത എഴുത്തുകാരി മായ ആഞ്ചലോയുടെ വരികൾ കുറിച്ചുകൊണ്ടാണ് തന്റെ ശക്തമായ നിലപാട് പങ്കുവെച്ചത്.

