മലയാളി താരം സഞ്ജു സാംസൺ സമ്മർദ്ദത്തിലാണെന്നും ഇത് പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും മുൻ ഇന്ത്യൻ താരം കെ.ശ്രീകാന്ത് ആശങ്ക പ്രകടിപ്പിച്ചു.ഇഷാൻ കിഷന്റെ മികച്ച പ്രകടനം കാരണം തിലക് വർമ്മ തിരിച്ചെത്തുമ്പോൾ സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടപ്പെട്ടേക്കാമെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
ലഭിച്ച അവസരം സഞ്ജു മുതലെടുക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.തിലക് വർമ്മ തിരിച്ചെത്തുമ്പോൾ സഞ്ജു സാംസൺ പുറത്താകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. സഞ്ജു സമ്മർദ്ദത്തിലാണെന്നും, ക്രീസിൽ പരിഭ്രാന്തനായി കാണപ്പെട്ടെന്നും ശ്രീകാന്ത് പറഞ്ഞു.
സിംഗിൾ എടുത്ത് സ്ട്രൈക്ക് കൈമാറണമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സിക്സർ നേടിയ ശേഷം സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് താളം കണ്ടെത്തേണ്ടിയിരുന്നെന്നും, എന്നാൽ വലിയ ഷോട്ടിന് ശ്രമിച്ചത് അബദ്ധമായെന്നും ശ്രീകാന്ത് പറഞ്ഞു.
ഇഷാൻ കിഷൻ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് സഞ്ജുവിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശുഭ്മൻ ഗില്ലും ശ്രേയസ് അയ്യരും പുറത്തുള്ളതിനാൽ ടീമിലെ മത്സരം കഠിനമാണെന്നും, അതിനാൽ ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി ഉപയോഗിക്കാത്തത് തിരിച്ചടിയാകുമെന്നും ശ്രീകാന്ത് പറഞ്ഞു.
സൂര്യകുമാർ യാദവിനെ പോലെ സമയം എടുത്ത് ഇന്നിങ്സ് കെട്ടിപ്പടുക്കാൻ സഞ്ജു ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സഞ്ജുവിന്റെ കരിയറിലെ പ്രധാന പോരായ്മ സ്ഥിരതയില്ലായ്മയാണെന്ന് ശ്രീകാന്ത് പറഞ്ഞു. ഒരു മത്സരത്തിൽ നന്നായി കളിച്ചാൽ അടുത്ത മത്സരങ്ങളിൽ പരാജയപ്പെടുന്നത് ഗുണകരമല്ലെന്നും, സ്ഥിരത പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷനുകൾ മാറിയെങ്കിലും, ലഭിക്കുന്ന അവസരങ്ങൾ മുതലാക്കണമെന്ന് ശ്രീകാന്ത് ഓർമ്മിപ്പിച്ചു. ന്യൂസിലൻഡിനെതിരായ ടി-20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു ചെറിയ സ്കോറിന് പുറത്തായതിനെ തുടർന്നാണ് ശ്രീകാന്തിന്റെ ഈ പ്രതികരണം.
