വിഷമകരമായ ഘട്ടത്തിലും ഗോളടി തുടരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ 1000 ഗോളുകൾ എന്ന സ്വപ്നനേട്ടത്തിലേക്ക് ഒരു ചുവട് കൂടി അടുത്തു. സൗദി പ്രോ ലീഗിൽ അൽ ഖോലൂദിനെതിരെ നേടിയ ഗോളോടെ താരത്തിന്റെ ആകെ ഗോൾ സമ്പാദ്യം 961 ആയി.കിങ് അബ്ദുള്ള സ്പോർട് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ നസർ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചു. റൊണാൾഡോയ്ക്ക് പുറമെ മുഹമ്മദ് സിമാകൻ, കിങ്സ്ലി കോമൻ എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്.
ചരിത്രനേട്ടത്തിലേക്ക് ഇനി വെറും 39 ഗോളുകൾ കൂടി മതി പോർച്ചുഗീസ് ഇതിഹാസത്തിന്.മത്സരത്തിന്റെ 47-ാം മിനിറ്റിൽ ജാവോ ഫെലിക്സിന്റെ തകർപ്പൻ അസിസ്റ്റിലൂടെയാണ് റൊണാൾഡോ ഗോൾ നേടിയത്. അൽ നസർ ജേഴ്സിയിൽ താരത്തിന്റെ 117-ാം ഗോളാണിത്. ഈ സീസണിലെ മികച്ച ഫോം തുടരുന്ന റൊണാൾഡോ ഓരോ മത്സരത്തിലൂടെയും തന്റെ റെക്കോർഡുകൾ പുതുക്കിക്കൊണ്ടിരിക്കുകയാണ്.
സ്പോർട്ടിങ് ലിസ്ബണിനായി അഞ്ച് ഗോളുകൾ നേടിയാണ് റൊണാൾഡോ തന്റെ ഗോളടി തുടങ്ങിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ട് ഘട്ടങ്ങളിലായി താരം 145 ഗോളുകൾ സ്വന്തമാക്കി. കാൽപ്പന്ത് ലോകത്ത് അസാധ്യമെന്ന് കരുതിയ 1,000 ഗോൾ എന്ന ചരിത്ര നേട്ടത്തിലേക്കാണ് ഈ പോർച്ചുഗീസ് ഇതിഹാസം കുതിക്കുന്നത്.റിയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായാണ് റൊണാൾഡോ ബെർണാബ്യൂ വിട്ടത്.
നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾക്കും നിരവധി ട്രോഫികൾക്കുമൊപ്പം റയൽ ജേഴ്സിയിൽ 450 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.യുവന്റസിനായി 101 ഗോളുകൾ നേടിയ റൊണാൾഡോ, പോർച്ചുഗൽ ദേശീയ ടീമിനായി 143 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. അൽ ഖോലൂദിനെതിരായ ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള അൽ ഹിലാലുമായുള്ള വ്യത്യാസം മൂന്നായി കുറയ്ക്കാൻ അൽ നസറിനായി.
സൗദി പ്രോ ലീഗിൽ 18 മത്സരങ്ങളിൽ നിന്ന് 43 പോയിന്റുമായി അൽ നസർ രണ്ടാം സ്ഥാനത്താണ്. എന്നാൽ 46 പോയിന്റോടെ തോൽവിയറിയാതെ അൽ ഹിലാൽ ഒന്നാമത് തുടരുന്നു.
ഫെബ്രുവരി രണ്ടിന് അൽ റിയാദിനെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം. റിയാദിൽ നടക്കുന്ന ഈ പോരാട്ടത്തിലും സിആർ7 തന്റെ ഗോളടി തുടരുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
