അസുഖം മാറി തിരിച്ചെത്തിയ അഭിഷേക് ശർമ ഇന്ന് പാകിസ്ഥാനെതിരെ കളിക്കുമെന്ന് ഉറപ്പായതോടെ സഞ്ജു സാംസൺ പുറത്തിരിക്കേണ്ടി വരും. ഇന്നലെ നെറ്റ്സിൽ ദീർഘനേരം പരിശീലനം നടത്തിയ അഭിഷേക് ഓപ്പണറായി ഇറങ്ങാനാണ് സാധ്യത.നമീബിയക്കെതിരായ വെടിക്കെട്ട് പ്രകടനത്തോടെ ഇഷാൻ കിഷൻ ഓപ്പണിങ് സ്ഥാനം ഉറപ്പിച്ചു.

കൊളംബോയിലെ സ്ലോ പിച്ചിൽ അഭിഷേക് ശർമയ്‌ക്കൊപ്പം ഇഷാൻ നൽകുന്ന മികച്ച തുടക്കം പാകിസ്ഥാനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് നിർണായകമാകും.പരിക്കിൽ നിന്ന് മടങ്ങിയെത്തിയ തിലക് വർമയുടെ പ്രകടനം ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്ക് നിർണായകമാണ്.

ടീം തകർച്ച നേരിട്ടാൽ ഇന്നിംഗ്സ് നങ്കൂരമിടാനും പിന്നീട് തകർത്തടിക്കാനും കെല്പുള്ള തിലക്, ഏഷ്യാ കപ്പ് ഫൈനലിലെ മിന്നും പ്രകടനം ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അമേരിക്കയ്ക്കെതിരായ തകർപ്പൻ പ്രകടനത്തിന് ശേഷം നമീബിയക്കെതിരെ മങ്ങിയ സൂര്യകുമാർ യാദവിൽ നിന്ന് ഇന്ത്യ മറ്റൊരു മികച്ച ഇന്നിംഗ്സ് പ്രതീക്ഷിക്കുന്നു. പാകിസ്ഥാനെതിരെയുള്ള തന്റെ മോശം റെക്കോർഡ് തിരുത്തി കൊളംബോയിൽ ഫോമിലേക്ക് ഉയരാനാകും ഇന്ന് ക്യാപ്റ്റന്റെ ശ്രമം.പാകിസ്ഥാനെതിരെ എക്കാലത്തും മികച്ച റെക്കോർഡുള്ള ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനം ഇന്നും ഇന്ത്യക്ക് നിർണായകമാകും.

ടി-20യിൽ പാകിസ്ഥാനെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളറായ പാണ്ഡ്യ (15 വിക്കറ്റുകൾ), നമീബിയക്കെതിരായ കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് ഫോം ഇന്നും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *