തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായെങ്കിലും അഭിഷേക് ശർമയെ ടീമിൽ നിന്ന് മാറ്റരുതെന്ന് ആർ. അശ്വിൻ. സഞ്ജു സാംസണെ പകരം കൊണ്ടുവരേണ്ടതില്ലെന്നും, ഒരു കളിയിൽ ഫോമിലായാൽ അഭിഷേക് തിരിച്ചു വരുമെന്നും അശ്വിൻ പറഞ്ഞു.

താരത്തിന്റെ മികവിനെ സംശയിക്കാതെ പിന്തുണ നൽകണമെന്നാണ് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയത്.അഭിഷേക് ശർമയുടെ ശൈലി എപ്പോഴും ആക്രമിച്ച് കളിക്കുന്നതാണെന്നും അത് സാങ്കേതിക പിഴവല്ലെന്നും അശ്വിൻ വ്യക്തമാക്കി. തുടർച്ചയായി പൂജ്യത്തിന് പുറത്തായെങ്കിലും ടി20യിൽ താരത്തിന്റെ കരുത്ത് കുറച്ചുകാണരുത്.

ഇപ്പോൾ അഭിഷേകിനെതിരെ ഓഫ് സ്പിന്നർമാരെ പരീക്ഷിക്കുന്നത് ഒരു ട്രെൻഡായി മാറിയെന്നും, രാജസ്ഥാനിൽ കളിക്കുമ്പോൾ താൻ തന്നെ താരത്തിനെതിരെ തുടർച്ചയായി ഓവറുകൾ എറിഞ്ഞിട്ടുണ്ടെന്നും അശ്വിൻ ഓർമ്മിപ്പിച്ചു.

അഭിഷേക് ശർമ ഫോമിലാണെങ്കിൽ ഇന്ത്യ പവർപ്ലേയിൽ തന്നെ കളി ജയിക്കുമെന്ന് അശ്വിൻ പറഞ്ഞു. നെതർലൻഡ്‌സിനെതിരെയും പാക്കിസ്ഥാനെതിരെയും പൂജ്യത്തിന് പുറത്തായ താരത്തിന് ചിലപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ചെറിയ വ്യത്യാസത്തിലാണ് പലപ്പോഴും താരം പുറത്തായതെന്നും, അഭിഷേകിനെ പിന്തുണയ്ക്കേണ്ടത് അത്യാവശ്യമാണെന്നും അശ്വിൻ വ്യക്തമാക്കി.ഭക്ഷ്യവിഷബാധയെത്തുടർന്ന് രണ്ട് കിലോയോളം ഭാരം കുറഞ്ഞത് അഭിഷേകിന്റെ ഫോമിനെ ബാധിച്ചിട്ടുണ്ട്.

താരം പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാത്ത സാഹചര്യത്തിൽ, സൂപ്പർ എട്ട് പോരാട്ടങ്ങളിൽ അഭിഷേകിന് പകരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *