പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തി തർക്കം രൂക്ഷമായതോടെ ഇരുരാജ്യങ്ങളും തമ്മിൽ തുറന്ന യുദ്ധം ആരംഭിച്ചു. താലിബാൻ പ്രകോപനത്തിന് മറുപടിയായി പാകിസ്ഥാൻ കാബൂളിൽ നടത്തിയ ബോംബാക്രമണത്തിൽ 133 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടതായി അവകാശപ്പെട്ടു.

അഫ്ഗാൻ തിരിച്ചടിയിൽ 55 പാകിസ്ഥാൻകാർ കൊല്ലപ്പെട്ടതായി താലിബാനും അറിയിച്ചു.പാക് പ്രതിരോധ മന്ത്രി അഫ്ഗാനെതിരെ തുറന്ന യുദ്ധത്തിനുള്ള ആഹ്വാനവും പുറപ്പെടുവിച്ചിട്ടുണ്ട്. “ക്ഷമ അതിൻ്റെ പരിധി കടന്നു, ഇനി നിങ്ങളും ഞങ്ങളും തമ്മില്‍ തുറന്ന യുദ്ധമാണ്,” എന്നാണ് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് എക്‌സില്‍ കുറിച്ചത്.

പാക് സൈന്യം അഫ്ഗാനെതിരായ യുദ്ധത്തെ ‘ഘസാബ് ലില്‍ ഹഖ്’ എന്നാണ് പേരിട്ടിരിക്കുന്നത്.വെള്ളിയാഴ്ച കാബൂളിൽ മൂന്ന് സ്ഫോടനങ്ങൾ ഉണ്ടായതായും കാബൂളിന് പുറമെ കാണ്ഡഹാറിലും പാകിസ്ഥാൻ ബോംബാക്രമണം നടത്തിയതായും താലിബാൻ വക്താവ് സബിനുള്ള മുജാഹിദ് സ്ഥിരീകരിച്ചു.

പ്രധാന നഗരങ്ങൾ ലക്ഷ്യമിട്ടുള്ള ഈ വ്യോമാക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിരൂക്ഷമാക്കി.കഴിഞ്ഞ ഞായറാഴ്ച പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് വ്യാഴാഴ്ച അതിർത്തിയിലുടനീളം പ്രത്യാക്രമണം നടത്തിയതെന്ന് അഫ്ഗാനിസ്ഥാൻ വ്യക്തമാക്കി. തുടർന്നുള്ള പാക് സൈനിക നീക്കത്തിൽ എട്ട് അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടതായും പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *