രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 50 രൂപ കൂടി 14,810 രൂപയിലും, പവന് 400 രൂപ ഉയർന്ന് 1,18,480 രൂപയിലുമെത്തി. യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതും ഡോളറിന്റെ മൂല്യം ഇടിഞ്ഞതുമാണ് വില ഉയരാൻ കാരണമായത്.യുഎസ്-ഇറാൻ സമാധാന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കി.
ഇരുരാജ്യങ്ങളും യുദ്ധസമാനമായ സേനാവിന്യാസം തുടരുന്നത് മേഖലയിൽ ‘ടെൻഷൻ’ വർധിപ്പിക്കുന്നു. ചർച്ചകൾ തുടരാമെന്ന നിലപാട് മാത്രമാണ് നിലവിലെ ഏക ആശ്വാസം. ആണവ പരീക്ഷണങ്ങളും മിസൈൽ വിന്യാസവും സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കപ്പെടാത്തത് സ്വർണവിലയെ സ്വാധീനിക്കുന്നു.
ഇറാൻ ആണവ ഗവേഷണം അവസാനിപ്പിക്കണമെന്ന ആവശ്യത്തിൽ തട്ടി യുഎസ്-ഇറാൻ സമാധാന ചർച്ചകൾ വഴിമുട്ടി. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന യുഎസ് മുന്നറിയിപ്പ് ആഗോളതലത്തിൽ യുദ്ധഭീതി ഉയർത്തിയിട്ടുണ്ട്.
ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്ക് തിരിയുന്നത് വില വർധിക്കാൻ കാരണമാകുന്നു.ഡോളർ സൂചിക ഇടിഞ്ഞതും യുഎസ് പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷയുമാണ് സ്വർണവില വർധിക്കാൻ പ്രധാന കാരണമായത്. വിനിമയ നിരക്ക് കുറയുന്നത് സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നു.
ഈ വർഷം പലിശ നിരക്കിൽ 25 ബേസിസ് പോയിന്റ് എങ്കിലും കുറവുണ്ടാകുമെന്ന വിപണിയിലെ സൂചന നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നു.രാജ്യാന്തര വിപണിയിൽ ഔൺസിന് 5,185 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണവില ഈ വർഷം 6,300 ഡോളർ വരെ ഉയർന്നേക്കാമെന്ന് ജെ.പി. മോർഗൻ പ്രവചിക്കുന്നു.
കേന്ദ്ര ബാങ്കുകളും നിക്ഷേപകരും സ്വർണം വാങ്ങിക്കൂട്ടുന്നത് ഡിമാൻഡ് വർധിപ്പിക്കും. ഈ വർഷം ഇതിനകം 20% വർധന രേഖപ്പെടുത്തിയ സ്വർണവിലയിൽ ഇനിയും 22% വരെ കുതിപ്പുണ്ടാകാനാണ് സാധ്യത.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 5,185 ഡോളറിൽ വ്യാപാരം തുടരുന്നു. കേരളത്തിൽ 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ വർധിച്ച് 12,130 രൂപയായി. വെള്ളി ഗ്രാമിന് 285 രൂപയിലാണ് വിപണനം നടക്കുന്നത്.
ചിലയിടങ്ങളിൽ 18 കാരറ്റ് സ്വർണത്തിന് 12,165 രൂപ വരെ ഈടാക്കുന്നുണ്ട്.കേരളത്തിൽ പത്തു ശതമാനം പണിക്കൂലി സഹിതം ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 1,34,300 രൂപ നൽകേണ്ടി വരും. ഡിസൈൻ അനുസരിച്ച് പണിക്കൂലി 3% മുതൽ 30% വരെയാകാം. ഇതിനുപുറമെ 3% ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജുകളും ഉപഭോക്താവ് നൽകണം.
