യുഎസുമായി ഒരു ചർച്ചയ്ക്കുമില്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി. ഡൊണാൾഡ് ട്രംപിനെയും ഇസ്രായേലിനെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, ഖമനേയിയുടെ വധത്തിന് പിന്നാലെ കടുത്ത തിരിച്ചടി നൽകുമെന്ന സൂചനയും നൽകി.

ഇറാന്റെ ഈ കർക്കശ നിലപാട് പശ്ചിമേഷ്യയെ കൂടുതൽ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.മേഖലയിലെ അരാജകത്വത്തിന് ഉത്തരവാദികൾ ട്രംപും ഇസ്രായേലുമാണെന്ന് അലി ലാരിജാനി കുറ്റപ്പെടുത്തി.

ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയം ഇപ്പോൾ ‘ഇസ്രായേൽ ഫസ്റ്റ്’ ആയി മാറിയെന്നും, ഇസ്രായേലിന്റെ താൽപ്പര്യങ്ങൾക്കായി യുഎസ് സൈനികരെ ട്രംപ് ബലികൊടുക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

യുഎസ് സൈനികർ കൊല്ലപ്പെടുമെന്ന ഭയമാണ് ഇപ്പോൾ ട്രംപിനെന്നും ലാരിജാനി പരിഹസിച്ചു.അമേരിക്കൻ സൈനികരെയും അവരുടെ കുടുംബങ്ങളെയും ട്രംപ് വീണ്ടും അപകടത്തിലാക്കുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി.

ഇറാൻ ഇപ്പോൾ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും, നിലവിലെ സംഘർഷങ്ങൾക്ക് തുടക്കമിട്ടത് തങ്ങളല്ലെന്നും ലാരിജാനി വ്യക്തമാക്കി. ട്രംപിന്റെ നയങ്ങൾ സൈനികർക്ക് മേൽ അനാവശ്യ ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിലെ ഒരു രാജ്യത്തെയും ആക്രമിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്ന് അലി ലാരിജാനി വ്യക്തമാക്കി. എന്നാൽ, അയൽരാജ്യങ്ങളിലെ താവളങ്ങൾ ഉപയോഗിച്ച് യുഎസ് ഇറാനെതിരെ നീങ്ങിയാൽ ആ താവളങ്ങളെ ലക്ഷ്യം വെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇത്തരം യുഎസ് താവളങ്ങൾ ആ രാജ്യങ്ങളുടെ ഭാഗമല്ലെന്നും, അവ അമേരിക്കൻ മണ്ണായി കരുതി തിരിച്ചടിക്കുമെന്നും ലാരിജാനി കൂട്ടിച്ചേർത്തു.പശ്ചിമേഷ്യൻ സമാധാനത്തിനായി ഒമാൻ നടത്തിയ മധ്യസ്ഥശ്രമങ്ങൾ ഇറാൻ തള്ളി.

ഇസ്രായേൽ-യുഎസ് തർക്കങ്ങളിൽ ചർച്ചയ്ക്ക് മുൻകൈയെടുക്കാമെന്ന് ഒമാൻ വിദേശകാര്യമന്ത്രി അറിയിച്ചിരുന്നെങ്കിലും, യുഎസുമായി ചർച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.സമാധാന നീക്കങ്ങൾക്കിടെയുള്ള ഇറാന്റെ ഈ പിന്മാറ്റം മേഖലയിലെ ആശങ്ക വർധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *