ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിക്കാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. മോദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങളെപ്പോലെയാണെന്നും, അതുകൊണ്ടാണ് ഈ ക്രൂരതയെ മോദി തള്ളിപ്പറയാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ നിലപാട് രാജ്യത്തിന് അപമാനമാണെന്നും എന്നാൽ ആർഎസ്എസിന് ഇത് അഭിമാനമായിരിക്കുമെന്നും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.യുദ്ധം മൂലം പ്രവാസികൾ കടുത്ത ആശങ്കയിലാണെന്നും ‘കയ്യൂക്കുള്ളവൻ കാര്യക്കാരൻ’ എന്ന വന്യമൃഗ നീതിയാണ് അമേരിക്കയും ഇസ്രയേലും നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

രാജ്യങ്ങൾ മര്യാദ പാലിക്കണമെന്നും സംഘർഷത്തിന് നേതൃത്വം നൽകുന്നവരുടെ നിലപാടുകൾ പ്രവാസികളുടെ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇറാന്റെ വിഭവങ്ങൾ കൈക്കലാക്കാനാണ് അമേരിക്കയുടെ ശ്രമമെന്നും പ്രകോപനമില്ലാതെയുള്ള ആക്രമണങ്ങൾ രാജ്യാന്തര മര്യാദയ്ക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രാജ്യത്തിന്റെ പരമോന്നത നേതാവിനെ വധിച്ചതിനെ അദ്ദേഹം അപലപിച്ചു. സദ്ദാം ഹുസൈനെ ഭീകരനാക്കി ഇറാഖിനെ തകർത്തത് അമേരിക്കയാണെന്നും ഏറ്റവും കൂടുതൽ അണ്വായുധങ്ങൾ ഉള്ള രാജ്യം മറ്റുള്ളവരെ ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *