ലയൺസ് ഇന്റർനാഷണലും സ്പോർട്സ് എക്സോട്ടിക്കയും സംഘടിപ്പിക്കുന്ന ഏഴാമത് കേരള കോളേജ് പ്രീമിയർ ലീഗ് ടി20 മാർച്ച് 9-ന് ആരംഭിക്കും. അങ്കമാലി ഫിസാറ്റ്, ബിസിജി ഗ്രൗണ്ടുകളിലായി നടക്കുന്ന ടൂർണമെന്റിൽ 10 സർവ്വകലാശാലകളിൽ നിന്നുള്ള 60 കോളേജുകൾ പങ്കെടുക്കും.

മൂന്ന് സോണുകളിലായി 35 ദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ 900-ഓളം വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്.ലയൺസ് ടി20 ചാമ്പ്യൻഷിപ്പിന്റെ സെൻട്രൽ സോൺ മത്സരങ്ങൾ മാർച്ച് 9-ന് ആരംഭിക്കും.

അഞ്ച് വേദികളിലായാണ് ടൂർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്. തെക്കൻ മേഖല തിരുവനന്തപുരത്തും, മധ്യമേഖല തൊടുപുഴ, ആലപ്പുഴ എന്നിവിടങ്ങളിലും, വടക്കൻ മേഖല തലശ്ശേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലുമായാണ് നടക്കുന്നത്.

ഓരോ സോണിലെയും വിജയികൾ ആലപ്പുഴയിലും തൃപ്പൂണിത്തുറയിലുമായി നടക്കുന്ന ‘സൂപ്പർ സിക്സ്’ ഘട്ടത്തിലേക്ക് മുന്നേറും. ആകെ 80 മത്സരങ്ങളുള്ള ടൂർണമെന്റിൽ പകൽ-രാത്രി മാതൃകയിൽ പിങ്ക് പന്തുകളാണ് ഉപയോഗിക്കുന്നത്.

യുവതാരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള സുവർണ്ണാവസരമാണിത്. കഴിഞ്ഞ ആറ് സീസണുകളിലും വ്യത്യസ്ത ചാമ്പ്യന്മാരെ സമ്മാനിച്ച ഈ ടൂർണമെന്റിൽ, രണ്ടാം ഘട്ടം മുതൽ കേരള ക്രിക്കറ്റ് ലീഗിലെ ഫ്രാഞ്ചൈസികൾ നേരിട്ടെത്തി പ്രതിഭകളെ കണ്ടെത്തും.

ഇത് ഐപിഎൽ ഉൾപ്പെടെയുള്ള പ്രൊഫഷണൽ തലങ്ങളിലേക്കുള്ള മികച്ചൊരു ചുവടുവെപ്പാണ്.ലഹരിക്കെതിരെ യുവതലമുറയെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ലയൺസ് ക്ലബ് ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

രാജൻ നമ്പൂതിരി, ഷൈൻ കുമാർ, ജെയിംസ് പോൾ വളപ്പില, ഗോപകുമാർ മേനോൻ (ലയൺസ് ക്ലബ്), രാജു മാത്യു, ജ്യോതിഷ് പ്രകാശ് (സ്പോർട്സ് എക്സോട്ടിക്ക) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *