ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖമനയി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തത് വലിയ അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റെന്നും ചികിത്സയ്ക്കായി റഷ്യയിലേക്ക് കൊണ്ടുപോയെന്നും പ്രചാരണമുണ്ടെങ്കിലും ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
നിലവിൽ സർക്കാർ ടെലിവിഷൻ വഴിയാണ് പ്രസ്താവനകൾ പുറത്തുവിടുന്നത്.മുജ്തബ ഖമനയി ഇറാനിൽ തന്നെയുണ്ടെന്നും ചില കാരണങ്ങളാലാണ് പൊതുവേദികളിൽ വരാത്തതെന്നും റഷ്യൻ അംബാസഡർ അലക്സി ദെദോവ് വ്യക്തമാക്കി. ഫെബ്രുവരി 28-ലെ ആക്രമണത്തിൽ പിതാവ് കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മുജ്തബ അധികാരമേറ്റത്.
ആക്രമണത്തിൽ മുജ്തബയ്ക്ക് പരുക്കേറ്റെന്ന അമേരിക്കയുടെ വാദം റഷ്യൻ അംബാസഡറുടെ വെളിപ്പെടുത്തലോടെ തള്ളപ്പെട്ടിരിക്കുകയാണ്.മുജ്തബ ഖമനയി ചികിത്സയ്ക്കായി റഷ്യയിലേക്ക് പോയെന്ന റിപ്പോർട്ടുകൾക്കിടെ, അദ്ദേഹം ഇറാനിൽ തന്നെയുണ്ടെന്ന മോസ്കോയുടെ സ്ഥിരീകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ നയതന്ത്രബന്ധം അടിവരയിടുന്നു.
കഴിഞ്ഞ വർഷം ഒപ്പിട്ട തന്ത്രപരമായ പങ്കാളിത്ത കരാറിന്റെ പശ്ചാത്തലത്തിൽ, ഇറാനിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ റഷ്യ നൽകുന്ന പിന്തുണയായിട്ടാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.
