ഫലസ്തീനികളെ ലക്ഷ്യം വെച്ച് ഇസ്രയേൽ പാർലമെന്റ് പാസാക്കിയ വിവാദ വധശിക്ഷാ നിയമം അടിയന്തരമായി പിൻവലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനവും യുദ്ധക്കുറ്റവുമാണെന്ന് യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് മുന്നറിയിപ്പ് നൽകി.
വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളെ മാത്രം ബാധിക്കുന്ന ഈ നീക്കം അങ്ങേയറ്റം നിരാശാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.വിവേചനപരമായ ഈ നിയമം നീതിപൂർവമായ വിചാരണയ്ക്ക് തടസ്സമാണെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്ക് വിരുദ്ധമാണെന്നും വോൾക്കർ ടർക്ക് ചൂണ്ടിക്കാട്ടി.
ശിക്ഷാവിധി വന്ന് 90 ദിവസത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കണമെന്ന വ്യവസ്ഥ നിരപരാധികൾ കൊല്ലപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നു.
അതിനാൽ മാനുഷിക മൂല്യങ്ങൾ മുൻനിർത്തി ഈ നിയമം ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അധിനിവേശ പ്രദേശങ്ങളിലെ താമസക്കാർക്കെതിരെ വധശിക്ഷാ നിയമം പ്രയോഗിക്കുന്നത് രാജ്യാന്തര നിയമപ്രകാരം ‘യുദ്ധക്കുറ്റമായി’ കണക്കാക്കപ്പെടുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകി.
ഇസ്രയേലിന്റെ ഈ നീക്കത്തെ ‘ക്രൂരം’ എന്ന് വിശേഷിപ്പിച്ച യു.എൻ, ഒക്ടോബർ 7-ലെ ആക്രമണവുമായി ബന്ധപ്പെട്ട കേസുകൾക്കായി പ്രത്യേക സൈനിക കോടതികൾ സ്ഥാപിക്കാനുള്ള നീക്കത്തിലും ശക്തമായ ആശങ്ക രേഖപ്പെടുത്തി.കഴിഞ്ഞ തിങ്കളാഴ്ച 48-നെതിരെ 62 വോട്ടുകൾക്കാണ് ഇസ്രയേൽ പാർലമെന്റ് ഈ വിവാദ നിയമം പാസാക്കിയത്.
പ്രധാനമന്ത്രി നെതന്യാഹു പിന്തുണച്ച ഈ നിയമം നിലവിൽ വരുന്നതോടെ വെസ്റ്റ് ബാങ്കിലെ പോരാട്ടങ്ങളിൽ ശിക്ഷിക്കപ്പെടുന്ന ഫലസ്തീനികൾക്ക് വധശിക്ഷ നിർബന്ധമാകും.
അയ്യായിരത്തിലധികം ഫലസ്തീനികൾ ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര തലത്തിൽ ഉയരുന്ന ഈ പ്രതിഷേധം ഇസ്രയേലിന് വലിയ നയതന്ത്ര സമ്മർദ്ദമുണ്ടാക്കുന്നു.
