ഇറാനെതിരെയുള്ള നീക്കങ്ങൾ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കാണോ അതോ മറ്റാർക്കെങ്കിലും വേണ്ടിയാണോ എന്ന് സ്വന്തം ജനത ചിന്തിക്കണമെന്ന് മസൂദ് പെസസ്‌കിയാൻ ആവശ്യപ്പെട്ടു.
‘അമേരിക്ക ഫസ്റ്റ്’ എന്ന നയം ഇന്നത്തെ സർക്കാർ മറന്നുപോയോ എന്ന് ചോദിച്ച അദ്ദേഹം, കെട്ടിച്ചമച്ച കഥകളുടെ പേരിൽ നടത്തുന്ന ഈ യുദ്ധം അമേരിക്കൻ ജനതയെ തകർക്കുകയല്ലാതെ മറ്റൊരു ഗുണവും ചെയ്യില്ലെന്ന് ഓർമ്മിപ്പിച്ചു. നിലവിലെ യു.എസ് നയങ്ങൾ രാജ്യത്തിന്റെ മുൻഗണനകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കത്തിലൂടെ മുന്നറിയിപ്പ് നൽകി.
കുട്ടികളെ കൊന്നൊടുക്കുന്നതും ആശുപത്രികൾ തകർക്കുന്നതും ഒരു രാജ്യത്തെ ബോംബിട്ട് ശിലായുഗത്തിലേക്ക് അയക്കാൻ ശ്രമിക്കുന്നതും അമേരിക്കയുടെ ആഗോള പ്രതിച്ഛായ തകർക്കുകയല്ലാതെ എന്ത് നേട്ടമാണ് നൽകുന്നത്? ഇത്തരം ക്രൂരതകൾ അമേരിക്കൻ ജനതയുടെ ഏത് താൽപ്പര്യമാണ് സംരക്ഷിക്കുന്നതെന്നും, ഇത് രാജ്യത്തിന്റെ അന്തസ്സ് ഇല്ലാതാക്കുക മാത്രമേ ചെയ്യൂ എന്നും അദ്ദേഹം കത്തിലൂടെ ആഞ്ഞടിച്ചു.
ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണം കേവലം യുദ്ധക്കുറ്റമല്ല, മറിച്ച് ഇറാൻ ജനതയെ നേരിട്ട് ലക്ഷ്യം വെക്കുന്ന ക്രൂരതയാണെന്ന് പെസസ്‌കിയാൻ കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങൾ മേഖലയിൽ അസ്ഥിരതയും വിദ്വേഷവും വർധിപ്പിക്കുകയേയുള്ളൂ.
ഇത് അമേരിക്കയുടെ ശക്തിയല്ല, മറിച്ച് തന്ത്രപരമായ പരാജയത്തിന്റെയും പ്രശ്നപരിഹാരത്തിലുള്ള കഴിവില്ലായ്മയുടെയും അടയാളമാണെന്നും അദ്ദേഹം വിമർശിച്ചു.
ആണവ ചര്‍ച്ചകള്‍ നടക്കുമ്പോഴും ഇസ്രഈലും യു.എസും ഇറാനെതിരെ ആക്രമണം തുടരുന്നതിനെ പെസസ്‌കിയാന്‍ വിമര്‍ശിച്ചു. ഇറാനെ ലോകത്തിന് ഭീഷണിയായി ചിത്രീകരിക്കുന്നത് അനാവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം, യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ അഭ്യർത്ഥിച്ചു എന്ന ട്രംപിന്റെ വാദം തള്ളി.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട യു.എസ് ഭീഷണികൾക്കിടയിലാണ്, സമാധാന ചർച്ചകളെ തകർക്കുന്ന നീക്കങ്ങളെ തുറന്നുകാട്ടി പെസസ്‌കിയാന്റെ ഈ കത്ത് പുറത്തുവരുന്നത്.
