വാംഖഡെയിൽ നടന്ന മുംബൈ ഇന്ത്യൻസ് – ആർസിബി മത്സരത്തിന് പിന്നാലെ പുതിയ അമ്പയറിംഗ് വിവാദം. ഒരു ഓവറിനിടെ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് രണ്ടുതവണ ഗ്ലൗസ് മാറ്റാൻ അമ്പയർമാർ അനുവാദം നൽകിയതാണ് ചർച്ചയാകുന്നത്. ഇത് നിയമലംഘനമാണെന്നും കളി വൈകിപ്പിക്കാനാണെന്നും ചൂണ്ടിക്കാട്ടി വലിയ വിമർശനമാണ് ഉയരുന്നത്.

ചെന്നൈ-ഡൽഹി മത്സരത്തിൽ ട്രിസ്റ്റൻ സ്റ്റബ്സിന് ഗ്ലൗസ് മാറ്റാൻ അനുമതി നിഷേധിച്ചതും പിന്നാലെ താരം പുറത്തായതും വലിയ വിവാദമായിരുന്നു. ഇതിനെച്ചൊല്ലി നിതീഷ് റാണ അമ്പയറുമായി തർക്കിക്കുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ നടന്ന മുംബൈ-ആർസിബി മത്സരത്തിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ഒരു ഓവറിൽ തന്നെ രണ്ടുതവണ ഗ്ലൗസ് മാറ്റാൻ അമ്പയർമാർ അനുവാദം നൽകി.

അമ്പയറിംഗിലെ ഈ ഇരട്ടത്താപ്പാണ് “24 മണിക്കൂറിനുള്ളിൽ നിയമം മാറിയോ” എന്ന ചോദ്യവുമായി ആരാധകർ ചർച്ചയാക്കുന്നത്.മുംബൈ ഇന്നിംഗ്‌സിന്റെ 12-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. ആദ്യ പന്തിൽ ഫോറടിച്ച ഹാർദിക് പാണ്ഡ്യ ഗ്ലൗസ് മാറ്റി.

തൊട്ടടുത്ത പന്ത് ഡോട്ട് ബോളായതോടെ വീണ്ടും താരം പുതിയ ഗ്ലൗസ് ആവശ്യപ്പെട്ടു. ഒരു ഓവറിൽ തന്നെ രണ്ടുതവണ ഇത്തരത്തിൽ ഗ്ലൗസ് മാറ്റിയത് കൗതുകമായെങ്കിലും, കളി വൈകാതിരിക്കാൻ സബ്സ്റ്റിറ്റ്യൂട്ട് താരത്തോട് വേഗത്തിൽ മൈതാനം വിടാൻ അമ്പയർ നിർദ്ദേശിക്കുകയായിരുന്നു.

ഡൽഹിയും ചെന്നൈയും തമ്മിലുള്ള മത്സരത്തിൽ സമാന സാഹചര്യത്തിൽ ട്രിസ്റ്റൻ സ്റ്റബ്സിന് ഗ്ലൗസ് മാറ്റാൻ അമ്പയർ അനുമതി നൽകിയിരുന്നില്ല. 19-ാം ഓവറിനിടെ ഗ്ലൗസ് മാറ്റാൻ സ്റ്റബ്സ് ആവശ്യപ്പെട്ടെങ്കിലും, ഓവറിനിടയിൽ ഇതിന് അനുവാദമില്ലെന്ന ഐപിഎൽ നിയമം ചൂണ്ടിക്കാട്ടി അമ്പയർ തടയുകയായിരുന്നു. എന്നാൽ ഇതേ നിയമം ഹാർദിക്കിന്റെ കാര്യത്തിൽ നടപ്പിലാക്കാത്തതാണ് ഇപ്പോൾ ആരാധകരെ പ്രകോപിപ്പിക്കുന്നത്.

ഗ്ലൗസ് മാറ്റാൻ അനുവദിക്കാത്തതിനെത്തുടർന്ന് നിതീഷ് റാണ അമ്പയറുമായി തർക്കിച്ചെങ്കിലും ഫലമുണ്ടായില്ല. കൃത്യമായ ഗ്രിപ്പ് കിട്ടാതെ കളിക്കേണ്ടി വന്ന സ്റ്റബ്സ് തൊട്ടടുത്ത പന്തിൽ പുറത്താവുകയും കളി ചെന്നൈയുടെ കൈപ്പിടിയിലാവുകയും ചെയ്തു.

ഇതിൽ ക്ഷുഭിതനായ സ്റ്റബ്സ് ഡ്രസിങ് റൂമിലെത്തി ഹെൽമറ്റ് വലിച്ചെറിഞ്ഞാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. അമ്പയറിംഗിലെ ഈ വീഴ്ചയാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

ഹാർദിക്കിന് ഇളവ് നൽകിയതോടെ അമ്പയറിംഗിലെ വിവേചനത്തിനെതിരെ ആരാധകർ രംഗത്തെത്തി. “ഓരോ ടീമിനും ഓരോ നിയമമാണോ” എന്ന് എക്സിൽ (X) വിമർശനം ഉയർന്നു. മത്സരത്തിൽ ഹാർദിക് 40 റൺസെടുത്തുവെങ്കിലും, ആർസിബി ഉയർത്തിയ 241 റൺസ് പിന്തുടർന്ന മുംബൈയ്ക്ക് 222 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 18 റൺസിനാണ് മുംബൈ പരാജയപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *