ക്രിക്കറ്റ് ലോകം കാത്തിരുന്ന ആ നിമിഷം വന്നെത്തി. ഐപിഎല്ലിന് ശേഷമുള്ള അയർലൻഡ് പര്യടനത്തിൽ 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചേക്കും.

ഇതോടെ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് പഴങ്കഥയാക്കി ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടം വൈഭവിന് സ്വന്തമാകും.ബിസിസിഐയുടെ സാധ്യതാ പട്ടികയിൽ വൈഭവ് സൂര്യവംശിയും ഇടംപിടിച്ചു.

അയർലൻഡ് പര്യടനത്തിൽ ഇന്ത്യയുടെ രണ്ടാം നിര ടീമിനെ പരീക്ഷിക്കാൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചതോടെയാണ് യുവതാരത്തിന് വഴിതെളിഞ്ഞത്. ബെഞ്ച് കരുത്ത് അളക്കുന്നതിനായി പ്രമുഖർക്കൊപ്പം വൈഭവിനും അവസരം നൽകാനാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നീക്കം.

അയർലൻഡ് പര്യടനത്തിനുള്ള ചുരുക്കപ്പട്ടികയിൽ വൈഭവ് സൂര്യവംശിയും ഉൾപ്പെട്ടതായി ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. പിന്നാലെ ജൂലൈയിൽ നടക്കുന്ന സിംബാബ്‌വെ പര്യടനത്തിലും താരം ഇടംപിടിച്ചേക്കും. യുവതാരങ്ങളെ വളർത്തിയെടുക്കാനുള്ള ബിസിസിഐ നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

അയർലൻഡ് പര്യടനത്തിൽ കളിച്ചാൽ ഇന്ത്യൻ ക്രിക്കറ്റിലെ സർവകാല റെക്കോർഡുകൾ വൈഭവ് തിരുത്തും. 16-ാം വയസ്സിൽ അരങ്ങേറിയ സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് മറികടന്ന് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമായി വൈഭവ് മാറും.

കൂടാതെ, 15 വയസ്സും ഏഴ് മാസവും പ്രായമുള്ളപ്പോൾ അരങ്ങേറ്റം കുറിച്ച ഷഫാലി വർമയുടെ ദേശീയ റെക്കോർഡും ഇതോടെ പഴങ്കഥയാകും.ജൂൺ 26, 28 തീയതികളിലാണ് ഇന്ത്യയുടെ അയർലൻഡ് പര്യടനം.

ഇതിന് മുൻപ് അഫ്ഗാനിസ്ഥാനെതിരെയും, ശേഷം ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യക്ക് പരമ്പരകളുണ്ട്. അയർലൻഡിൽ യുവനിരയെ പരീക്ഷിക്കുമ്പോൾ, കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാൻ സീനിയർ താരങ്ങൾ ടീമിലേക്ക് തിരിച്ചെത്തും

Leave a Reply

Your email address will not be published. Required fields are marked *