ഇന്ത്യൻ പ്രതിരോധ മേഖലയിൽ പുത്തൻ കുതിച്ചുചാട്ടവുമായി ഡി.ആർ.ഡി.ഒ വികസിപ്പിച്ച ‘അഡ്വാൻസ്ഡ് ആർമർഡ് പ്ലാറ്റ്ഫോം’ പുറത്തിറക്കി. ഡി.ആർ.ഡി.ഒ ചെയർമാൻ ഡോ. സമീർ വി. കാമത്ത് ഫ്ലാഗ് ഓഫ് ചെയ്ത ഈ തദ്ദേശീയ വാഹനം, കോംബാറ്റ് വെഹിക്കിൾ, പേഴ്സണൽ കാരിയർ എന്നീ റോളുകളിൽ ഒരുപോലെ തിളങ്ങും.
ഉയർന്ന എൻജിൻ കരുത്തും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകുന്ന മികച്ച വേഗതയും അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളും ഈ പ്ലാറ്റ്ഫോമിനെ ഇന്ത്യൻ സേനയുടെ കരുത്തുറ്റ കവചമാക്കി മാറ്റുന്നു.
ഉയർന്ന പവർ-ടു-വെയ്റ്റ് അനുപാതവും അത്യാധുനിക ബാലിസ്റ്റിക് സുരക്ഷയുമുള്ള ഈ പ്ലാറ്റ്ഫോം ഏത് ദുർഘടമായ ഭൂപ്രകൃതിയിലും തടസ്സങ്ങൾ മറികടന്ന് മുന്നേറാൻ ശേഷിയുള്ളതാണ്.
ഡി.ആർ.ഡി.ഒ.യുടെ വിവിധ ലാബുകളിലെ ശാസ്ത്രജ്ഞരും ടാറ്റ സൺസ്, ഭാരത് ഫോർജ് തുടങ്ങിയ പ്രമുഖ വ്യവസായ പങ്കാളികളും പങ്കെടുത്ത ചടങ്ങിൽ, സേനയുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ചുള്ള സവിശേഷതകൾ അധികൃതർ വിശദീകരിച്ചു.
പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പൂർണ്ണമായും തദ്ദേശീയമായാണ് ഈ കരുത്തുറ്റ വാഹനങ്ങൾ വികസിപ്പിച്ചിരിക്കുന്നത്
