മുംബൈ/ഇസ്ലാമാബാദ്: ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന എം.വി. ഗൗതം (MV Gautam) എന്ന ഓഫ്‌ഷോർ ടഗ്ഗ് കപ്പൽ സാങ്കേതിക തകരാറിനെ തുടർന്ന് അറബിക്കടലിൽ കുടുങ്ങി. കടലിന്റെ നടുവിൽ വെച്ച് എൻജിൻ പ്രവർത്തനരഹിതമായതോടെ കപ്പൽ നിയന്ത്രണം വിടുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന ആറ് ഇന്ത്യക്കാരും ഒരു ഇന്തോനേഷ്യൻ പൗരനും ഉൾപ്പെടെഏഴ് ജീവനക്കാർക്ക് പാകിസ്ഥാൻ നാവികസേന സഹായമെത്തിച്ചു.

മുംബൈയിലെ മാരിടൈം റെസ്ക്യൂ ആൻഡ് കോർഡിനേഷൻ സെന്റർ (MRCC) നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാൻ നാവികസേനയും പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസിയും (PMSA) രക്ഷാപ്രവർത്തനം നടത്തിയത്.

കപ്പലിലെ ജീവനക്കാർക്ക് ആവശ്യമായ ഭക്ഷണവും പ്രാഥമിക വൈദ്യസഹായവും സാങ്കേതിക പിന്തുണയും പാകിസ്ഥാൻ സേന ലഭ്യമാക്കി.നിലവിൽ കപ്പലിന്റെ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

പ്രതികൂല സാഹചര്യങ്ങളിൽ മനുഷ്യത്വപരമായ പരിഗണന നൽകി സഹായമെത്തിച്ച പാകിസ്ഥാൻ നാവികസേനയുടെ നടപടിയെ അന്താരാഷ്ട്ര സമുദ്ര സുരക്ഷാ ഏജൻസികൾ അഭിനന്ദിച്ചു. മേഖലയിലെ ചരക്ക് നീക്കത്തെ ഈ സംഭവം ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *