വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാൻഡ് തീരുമാനത്തെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം സതീശനെ അഭിനന്ദിക്കുകയും പുതിയ സർക്കാരിന് എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് കേന്ദ്ര നേതൃത്വം ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുന്‍പ് മുഖ്യമന്ത്രി പ്രഖ്യാപനത്തെപ്പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോഴെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്നാണ് താന്‍ പറഞ്ഞത്.
പാര്‍ട്ടി തീരുമാനം എന്താണെങ്കിലും ഒപ്പമുണ്ടാകുമെന്നും പറഞ്ഞിരുന്നു. ഉത്തരവാദിത്വത്തിന്റെ ഭാഗമായി നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. താന്‍ അടിയുറച്ച കോണ്‍ഗ്രസുകാരനാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
എഐസിസി പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്ന് കെ.സി. വേണുഗോപാൽ. താൻ പാർട്ടിക്കതീതനല്ലെന്നും പ്രവർത്തകരുടെ വേദന തന്റെയും വേദനയാണെന്നും അദ്ദേഹം പറഞ്ഞു.
സൈബർ അധിക്ഷേപങ്ങൾ സഹിക്കാൻ തയ്യാറാണെന്നും എന്നാൽ താൻ പെട്ടെന്ന് മുളച്ചു വന്ന ആളല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തനിക്കായി ഫ്ലക്സ് വെച്ചവർ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കണമെന്നും അദ്ദേഹം ഡൽഹിയിൽ വ്യക്തമാക്കി.
