വി ഡി സതീശൻ മന്ത്രിസഭയിൽ മുസ്ലീംലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരുടെ മന്ത്രിപ്പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറിയതായും അന്തിമ പ്രഖ്യാപനം വൈകീട്ടുണ്ടാകുമെന്നും ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾ അറിയിച്ചു.
കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളയെ അവസാന നിമിഷം ഒഴിവാക്കിയാണ് പി.കെ. ബഷീറിനെ മന്ത്രിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. കാസർകോട് ജില്ലയിൽ നിന്നുള്ള പ്രതിനിധിയായി എ.കെ.എം. അഷ്റഫിനെ മന്ത്രിയാക്കണമെന്ന് പ്രവർത്തകർ പരസ്യമായി ആവശ്യപ്പെട്ടെങ്കിലും, വി.ഇ. അബ്ദുൾ ഗഫൂറിന് പകരം അദ്ദേഹത്തെ ഉൾപ്പെടുത്തണമെന്ന നിർദേശം ലീഗ് നേതൃത്വം പരിഗണിച്ചില്ല.
മന്ത്രിസ്ഥാനത്തേക്കുള്ള അഞ്ചംഗ പട്ടിക സീൽഡ് കവറിൽ കൈമാറിയെന്നും സാദിഖലി തങ്ങളുടേതാണ് അന്തിമ തീരുമാനമെന്നും എം.കെ. മുനീർ വ്യക്തമാക്കി. ലീഗിന്റെ നിർദേശം നിയുക്ത മുഖ്യമന്ത്രി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ലീഗിന്റെ മാത്രമല്ല യു.ഡി.എഫിന്റെ മുഴുവൻ മന്ത്രിമാരുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ടെന്ന് പി.എം.എ. സലാമും, സാദിഖലി തങ്ങൾ വൈകാതെ പ്രഖ്യാപനം നടത്തുമെന്ന് പി.കെ. ബഷീറും പ്രതികരിച്ചു.
