ന്യൂഡല്‍ഹിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പങ്കെടുത്ത പരിപാടിയില്‍ ലൈവ് കോളിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയോടുള്ള തന്റെ സൗഹൃദം വ്യക്തമാക്കിയത്. താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വളരെ വലിയ ആരാധകനാണെന്നും അദ്ദേഹം തന്റെ അടുത്ത സുഹൃത്താണെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയുമായി ഇന്ത്യ ഇപ്പോള്‍ എക്കാലത്തെക്കാളും ഏറെ അടുത്തു കഴിഞ്ഞെന്നും, ഇന്ത്യയ്ക്ക് ആവശ്യമായ ഏത് സഹായത്തിനും തങ്ങളെ 100 ശതമാനം ആശ്രയിക്കാമെന്നും വ്യക്തമാക്കിയ ട്രംപ്, “ഇന്ത്യ എന്ത് ആഗ്രഹിക്കുന്നോ അത് അവര്‍ക്ക് ലഭിക്കും” എന്നും ഉറപ്പുനൽകി.

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ, അടുത്ത 5 വര്‍ഷത്തിനുള്ളിൽ ഇന്ത്യ അമേരിക്കയില്‍ നിന്ന് 50,000 കോടി (500 ബില്യൺ) ഡോളറിന്റെ ഉത്പന്നങ്ങള്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള മുതിര്‍ന്ന ഇന്ത്യന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമായും ഊര്‍ജം, സാങ്കേതികവിദ്യ, കൃഷി എന്നീ മേഖലകളിലാകും ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ വന്‍ വ്യാപാരംനടക്കുക.

Leave a Reply

Your email address will not be published. Required fields are marked *