വാഷിങ്ടൺ: സൗദിയും ഖത്തറും അടക്കമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഇസ്രഈലുമായുള്ള ‘അബ്രഹാം ഉടമ്പടി’യിൽ ഒപ്പുവെക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ശനിയാഴ്ച സൗദി, യു.എ.ഇ, ഖത്തർ, പാകിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളുമായി നടത്തിയ ചർച്ചയിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവിൽ ഇറാനുമായി നടക്കുന്ന സമാധാന ചർച്ചകൾ വിജയകരമാകണമെങ്കിൽ ഈ രാജ്യങ്ങൾ ഉടമ്പടിയുടെ ഭാഗമാകേണ്ടത് അനിവാര്യമാണെന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു.
ഇറാനുമായുള്ള കരാർ എല്ലാവർക്കും ഒരുപോലെ മികച്ചതാണെങ്കിൽ മാത്രമേ അത് നിലവിൽ വരൂ എന്നും, അല്ലാത്തപക്ഷം ചർച്ചകൾ അവസാനിപ്പിച്ച്വീണ്ടുമൊരു യുദ്ധത്തിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിലവിൽ യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ അബ്രഹാം ഉടമ്പടിയുടെ ഭാഗമാണ്. കൂടുതൽ രാജ്യങ്ങൾ ഈ കരാറിലേക്ക് വരുന്നത് മിഡിൽ ഈസ്റ്റിൽ വലിയ സാമ്പത്തിക-സാമൂഹിക മുന്നേറ്റത്തിനും സമാധാനത്തിനും കാരണമാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
