ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെയുള്ള സുരക്ഷാ ജീവനക്കാർക്കെതിരെ കേസെടുത്തതിന് പിന്നിൽ രാഷ്ട്രീയപ്പകയില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (SIT). കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഡിവൈഎസ്പി ബൈജു പൗലോസ് ഇക്കാര്യം വ്യക്തമാക്കിയത്.

കോടതി നിർദേശപ്രകാരമാണ് പുനരന്വേഷണം നടക്കുന്നതെന്നും, സാക്ഷിമൊഴികളും ഫോറൻസിക് റിപ്പോർട്ടും പ്രതികൾക്ക് എതിരാണെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി.


അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ; മുൻകൂർ ജാമ്യാപേക്ഷ തള്ളി

കേസിൽ പ്രതികളായ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരായ സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നീ അഞ്ച് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. എസ്ഐടി റിപ്പോർട്ടിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനത്തുനിന്ന് നടപടിയുണ്ടായത്. ഇതിനിടെ, കേസിലെ ഒന്നും രണ്ടും പ്രതികളായ അനിൽ കുമാറും സന്ദീപും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി തള്ളി. വിഐപി സുരക്ഷയുടെ ഭാഗമായുള്ള ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ് നടത്തിയതെന്ന പ്രതികളുടെ വാദം കോടതി അംഗീകരിച്ചില്ല.


വിവാദമായ ‘രക്ഷാപ്രവർത്തനം’

2023 ഡിസംബർ 5-ന് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷന് സമീപമായിരുന്നു വിവാദമായ സംഭവം നടന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള സദസിന്റെ ബസിന് നേരെ കരിങ്കൊടി കാണിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ അകമ്പടി വാഹനത്തിലുണ്ടായിരുന്ന ഗൺമാനും സംഘവും ലാത്തികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ഈ നടപടിയെ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ നിലവിലെ അന്വേഷണത്തിൽ ഈ മർദനം നിയമവിരുദ്ധമാണെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *