കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണങ്ങളുമായി സംഘടനയിലെ മുൻ മാനേജർ അതുല്യ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. അതുല്യയുമായി അപകീർത്തികരമായ ബന്ധമുണ്ടെന്ന് വ്യാജമായി പറയാൻ സെക്യൂരിറ്റി ജീവനക്കാരനെ കുക്കു പരമേശ്വരൻ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
തനിക്കെതിരെ തൊഴിൽ പീഡനവും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയും നടന്നതായും അതുല്യ ആരോപിക്കുന്നു.
ട്രഷറർ ഉണ്ണി ശിവപാലിന് വേണ്ടി കുക്കു പരമേശ്വരൻ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും പരാതിയിലുണ്ട്. ഇതിനിടെ, കുക്കു പരമേശ്വരന്റെ നിർബന്ധപ്രകാരമാണ് താൻ ഗൂഢാലോചനയിൽ പങ്കാളിയായതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദ് സമ്മതിക്കുന്ന ഫോൺ സംഭാഷണത്തിന്റെ ഓഡിയോയും അതുല്യ പുറത്തുവിട്ടു. തൊഴിൽ പീഡന പരാതികളെ തുടർന്ന് സംഘടനയ്ക്കുള്ളിൽ വലിയ ഭിന്നത പുകയുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തൽ.
