ലണ്ടൻ: അന്താരാഷ്ട്രതലത്തിൽ സംഘർഷങ്ങൾ കടുക്കുന്ന പശ്ചാത്തലത്തിൽ, യൂറോപ്പിലെ കൂടുതൽ നാറ്റോ സഖ്യരാജ്യങ്ങളിൽ ആണവായുധങ്ങൾ വിന്യസിക്കാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്.
പ്രമുഖ മാധ്യമമായ ‘ഫിനാൻഷ്യൽ ടൈംസ്’ ആണ് ഈ വാർത്ത പുറത്തുവിട്ടത്. നിലവിൽ ആണവ ശേഷിയുള്ള യുഎസ് ബോംബറുകൾക്ക് താവളമൊരുക്കുന്ന ആറ് യൂറോപ്യൻ രാജ്യങ്ങൾക്ക് പുറമെ, കൂടുതൽ രാജ്യങ്ങളിലേക്ക് ഈ പങ്കാളിത്തം വ്യാപിപ്പിക്കാനാണ് നീക്കം.
ആണവ-ആണവേതര ആക്രമണങ്ങൾക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന ‘ഡ്യുവൽ കേപ്പബിൾ എയർക്രാഫ്റ്റുകൾ’ വിന്യസിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് പുതിയ നിർദേശം. എന്നാൽ, നിലവിലുള്ള ആണവ കരാറുകൾ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം അടുത്ത ഭാവിയിലൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
