കൊച്ചി: കേരളത്തില്‍ എയിംസ് (AIIMS) യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയം വിടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന്റെ പേരില്‍ എല്ലാവരും തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്നും, പദ്ധതി വന്നാല്‍ അതിന്റെ പൂര്‍ണ്ണ ക്രെഡിറ്റ് തനിക്കായിരിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. അടുത്ത തവണ നിങ്ങളോട് വോട്ട് ചോദിച്ച് വരില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കേരളത്തില്‍ എവിടെ വേണമെങ്കിലും എയിംസിന് സ്ഥലം തരാമെന്ന പുതിയ സംസ്ഥാന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ സമീപനം വളരെ പോസിറ്റീവാണ്. മുൻ സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന സമീപനമായിരുന്നു ഇത്. മാനദണ്ഡങ്ങൾ പ്രകാരം അനുയോജ്യമായ അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തെ രേഖാമൂലം അറിയിക്കുകയാണ് അടുത്ത പടി. അക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയും ഇടുക്കിയും പരിഗണിക്കണം
സംസ്ഥാനത്ത് എയിംസ് വരേണ്ടത് ആലപ്പുഴയിലും ഇടുക്കിയിലുമാണെന്നാണ് തന്റെ നിലപാടെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒപ്പം കേരളത്തില്‍ നിന്ന് ബിജെപിക്ക് ഏക എംപിയെ സമ്മാനിച്ച തൃശ്ശൂരിനും എയിംസിന് അവകാശമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം കാര്യങ്ങള്‍ നീക്കിയാല്‍ അടുത്ത ബജറ്റിന് മുമ്പോ, അതല്ലെങ്കിൽ തൊട്ടടുത്ത വര്‍ഷമോ കേരളത്തിന് എയിംസ് ലഭിക്കും. കഴിഞ്ഞ മുഖ്യമന്ത്രി കോഴിക്കോട് മാത്രമേ സ്ഥലം ഉള്ളൂ എന്ന് വാശിപിടിച്ചതുകൊണ്ടാണ് പദ്ധതി നിഷേധിക്കപ്പെട്ടത്. അഞ്ച് സ്ഥലങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന മുഖ്യമന്ത്രി വരുന്നതുവരെ കാത്തിരിക്കാം എന്നാണ് അന്ന് താൻ മറുപടി നൽകിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇന്ധനവില വർദ്ധനവ്
ഇന്ധന വില വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ ടാക്‌സ് കുറച്ചിരുന്നു. ആഗോള യുദ്ധസാഹചര്യങ്ങള്‍ മാറി ക്രൂഡ് ഓയില്‍ വില കുറയുന്ന മുറയ്ക്ക് എണ്ണ കമ്പനികളോട് വില കുറയ്ക്കാന്‍ താൻ ആദ്യം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ളതായിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധന വിലയുടെ കാര്യത്തില്‍ ഇന്ത്യയില്‍ മെച്ചപ്പെട്ട സ്ഥിതിയാണുള്ളതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
