താരസംഘടനയായ ‘അമ്മ’ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നടി അൻസിബ മറുപടി നൽകി. താൻ നടത്തിയ നിയമലംഘനങ്ങൾ ഏതാണെന്ന് നോട്ടീസിൽ വ്യക്തതയില്ലെന്നും, മാധ്യമങ്ങൾക്ക് അഭിമുഖം നൽകി സംഘടനയെ തകർക്കാൻ ശ്രമിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.
നടി ലക്ഷ്മി പ്രിയ, നടൻ ടിനി ടോം എന്നിവരുമായുള്ള പ്രശ്നങ്ങൾ പൂർണ്ണമായും വ്യക്തിപരമാണെന്നും, സൈബർ അധിക്ഷേപങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തനിക്ക് അവകാശമുണ്ടെന്നും അൻസിബ ചൂണ്ടിക്കാട്ടി.
അതേസമയം, വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മി പ്രിയയും വനിതാ എസ്.ഐയും ചേർന്ന് മാനസികമായി പീഡിപ്പിച്ചെന്ന അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ, ജിഹാദി എന്ന് വിളിച്ച് വർഗീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അൻസിബ കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

