ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് വിരാമമിടാനായി അമേരിക്കയും ഇറാനും തമ്മിൽ ഒപ്പിട്ട 60 ദിവസത്തെ ധാരണാപത്രത്തിന്റെ കാലാവധി തിങ്കളാഴ്ച അവസാനിക്കുന്നു. കാലാവധി നീട്ടുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും വ്യക്തത വരുത്താത്തതോടെ മേഖല വീണ്ടും പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം. മൂന്ന് മാസത്തെ പോരാട്ടത്തിന് ശേഷം ജൂൺ 17-നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും സമാധാന കരാറിൽ ഒപ്പുവെച്ചത്.

എന്നാൽ കരാർ നിലവിൽ വന്ന് ആഴ്ചകൾക്കകം വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതായി ഇരുപക്ഷവും ആരോപിക്കുകയും, ഹോർമുസ് കടലിടുക്കിലെ തർക്കങ്ങൾ വീണ്ടും ഏറ്റുമുട്ടലിലേക്ക് വഴിമാറുകയും ചെയ്തു.

ജൂലായ് ഏഴിന് ട്രംപ് കരാർ റദ്ദാക്കി ആക്രമണം തുടർന്നതോടെ ഇറാനും വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറി. നിലവിൽ മധ്യസ്ഥർ വഴി സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും അമേരിക്കയുമായി ഔദ്യോഗിക ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *