ന്യൂഡൽഹി: മുൻ ബിഹാർ മുഖ്യമന്ത്രിയും നിലവിലെ രാജ്യസഭാംഗവുമായ നിതീഷ് കുമാറിനെ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായി ജനതാദൾ യുണൈറ്റഡ് (ജെഡിയു) രംഗത്ത്. കേന്ദ്രമന്ത്രിസഭാ പുനസംഘടന ഉടനുണ്ടാകുമെന്ന സൂചനകൾക്കിടയിലാണ് ജെഡിയു എംഎൽഎ പങ്കജ് മിശ്ര ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്.
കേന്ദ്രമന്ത്രിയെന്ന നിലയിലും 20 വർഷത്തോളം മുഖ്യമന്ത്രിയെന്ന നിലയിലുമുള്ള നിതീഷിന്റെ ദീർഘകാല രാഷ്ട്രീയ അനുഭവസമ്പത്ത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയാക്കുന്നത് ബിഹാറിലെ ജനങ്ങൾക്ക് വലിയ സന്തോഷം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ആർജെഡി നേതാവ് മുകേഷ് റോഷനും നിതീഷ് കുമാറിന് കേന്ദ്രത്തിൽ കൃഷി, റെയിൽവേ തുടങ്ങിയ പ്രധാന വകുപ്പുകൾ നൽകി ഉപപ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എൻഡിഎ മുന്നണിയിൽ സമ്മർദ്ദം ശക്തമാകുന്നതോടെ കേന്ദ്രം എന്ത് തീരുമാനമെടുക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

