ടെഹ്റാൻ: ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഔദ്യോഗിക സംസ്കാരച്ചടങ്ങുകൾ ടെഹ്റാനിലെ ഇമാം ഖൊമൈനി ഗ്രാൻഡ് മൊസല്ലയിൽ ആരംഭിച്ചു. എന്നാൽ, പിതാവിന്റെ മരണത്തെത്തുടർന്ന് നിലവിൽ പരമോന്നത നേതാവായി ചുമതലയേറ്റ മകൻ മുജ്തബ ഖമനേയി ചടങ്ങുകളിൽ പങ്കെടുക്കാതിരുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
പിതാവ് കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ മുജ്തബയ്ക്കും മുഖത്തും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടാകാമെന്നും, അതുകൊണ്ടാണ് അദ്ദേഹം പൊതുവേദിയിൽ വരാത്തതെന്നുമാണ് റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ മകൾ, മരുമകൻ, മരുമകൾ, 14 മാസം പ്രായമുള്ള കൊച്ചുമകൾ എന്നിവരുടെയും മൃതദേഹങ്ങൾ ഖമനേയിക്കൊപ്പമാണ് പൊതുദർശനത്തിന് വെച്ചിരിക്കുന്നത്. ചടങ്ങുകളിൽ ഖമനേയിയുടെ മറ്റ് മക്കളായ മൊസ്തഫ, മെയിസം, മസൂദ് എന്നിവരും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് തുടങ്ങിയ പ്രമുഖരും ആയിരക്കണക്കിന് ജനങ്ങളും പങ്കെടുത്തു.
തിങ്കളാഴ്ച ടെഹ്റാനിൽ നടക്കുന്ന വൻ റാലിക്ക് ശേഷം ചൊവ്വാഴ്ച മൃതദേഹം ഷിയാ മതപഠന കേന്ദ്രമായ ഖൂമിലേക്കും, ബുധനാഴ്ച ഇറാഖിലെ നജാഫ്, കർബല എന്നീ പുണ്യനഗരങ്ങളിലേക്കും കൊണ്ടുപോകും. തുടർന്ന് വ്യാഴാഴ്ച ഇറാനിൽ തിരിച്ചെത്തിച്ച് മഷ്ഹദിലായിരിക്കും ഖമനേയിയുടെ ഖബറടക്കം നടക്കുക.

