തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി ഇളവ് തുടങ്ങിയ പ്രമുഖ വിവാദ വിഷയങ്ങൾ പാർട്ടി ഫോറങ്ങളിൽ ചർച്ച ചെയ്യാത്തതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ മുതിർന്ന നേതാക്കൾക്ക് കടുത്ത അതൃപ്തി. ബജറ്റിലെ മദ്യനികുതി ഇളവിൽ നിന്ന് സർക്കാർ പിന്നോട്ട് പോകാത്തതിൽ മുതിർന്ന നേതാവ് വി.എം. സുധീരൻ ശക്തമായ വിയോജിപ്പിലാണ്.
കെപിസിസി നേതൃയോഗം അടിയന്തരമായി വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ പക്ഷത്തുനിന്നുള്ള ജനറൽ സെക്രട്ടറി എം.ആർ. അഭിലാഷ് കത്ത് നൽകിയിട്ടും ഇതുവരെയും അനുകൂല തീരുമാനമുണ്ടായിട്ടില്ല.
പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾക്ക് പുറമെ, ഭരണം ലഭിച്ച ശേഷം ഒരു തവണ മാത്രം യോഗം ചേർന്ന യുഡിഎഫിൽ ഘടകകക്ഷികളും കടുത്ത അമർഷത്തിലാണ്. വരാനിരിക്കുന്ന മുന്നണി യോഗത്തിൽ പിഎം ശ്രീ പദ്ധതി അടക്കമുള്ള നിർണായക വിഷയങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കാൻ തന്നെയാണ് ഘടകകക്ഷികളുടെ തീരുമാനം.

