കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ലെന്ന് പറയുന്നതുപോലെയാണ് മലയാള താരസംഘടനയായ ‘അമ്മ’യുടെ ഇന്നത്തെ അവസ്ഥ. ദീർഘകാലം സംഘടനയെ അനായാസമായി മുന്നോട്ട് നയിച്ച ഇന്നസെന്റിന്റെയും ഇടവേള ബാബുവിന്റെയും നേതൃത്വപാടവം എത്രത്തോളം വലുതായിരുന്നുവെന്ന് പൊതുസമൂഹം ഇന്ന് തിരിച്ചറിയുകയാണ്.

അന്ന് പലരും വിമർശിക്കാൻ ശ്രമിച്ചെങ്കിലും, ഹൈപ്പർ സെൻസിറ്റീവായ നൂറുകണക്കിന് കലാകാരന്മാരെ ഒരുമിച്ച് ഒരു കുടക്കീഴിൽ നിർത്തുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല.പെട്ടെന്ന് വികാരങ്ങൾക്ക് കീഴ്പ്പെടുകയും പിണങ്ങുകയും ചെയ്യുന്ന പ്രതിഭകളെ ആരെയും നോവിക്കാതെ, നയപരമായും തന്ത്രപരമായും കൂടെനിർത്താൻ അന്തരിച്ച നടൻ ഇന്നസെന്റിന് പ്രത്യേക കഴിവുണ്ടായിരുന്നു.

അദ്ദേഹത്തിന് വലംകയ്യായി നിന്ന് കാര്യങ്ങൾ നിയന്ത്രിച്ച ഇടവേള ബാബുവിന്റെ പങ്കും വിസ്മരിക്കാനാകാത്തതാണ്. ലോക സിനിമയിൽ തന്നെ ആരും പരീക്ഷിക്കാത്ത വിധം ഒരു സംഘടനയിലെ മുഴുവൻ അംഗങ്ങളെയും അണിനിരത്തി ‘ട്വന്റി 20’ പോലെയുള്ള ഒരു ബിഗ് ബജറ്റ് സിനിമ നിർമ്മിക്കുക എന്ന സാഹസികതയ്ക്ക് നേതൃത്വം നൽകിയതും ഈ കൂട്ടുകെട്ടായിരുന്നു.

ഇലയ്ക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങൾ കൊണ്ടുനടന്ന ഇരുവരുടെയും അഭാവം സംഘടനയിൽ ഇന്ന് പ്രകടമാണെന്ന് സിനിമാ ലോകം ഒന്നടങ്കം വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *