തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ച ‘മിഷൻ സമുദ്ര’ പദ്ധതിയിലെ ടാറ്റ കപ്പൽശാലാ നിർമാണം മുൻ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ധാരണയായതെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. 2025-ലെ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ’ അന്നത്തെ വ്യവസായ മന്ത്രി പി. രാജീവ് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനുമായി നടത്തിയ ചർച്ചകളുടെ ഭാഗമായാണ് 500 കോടി രൂപയുടെ ഈ സംയുക്ത സംരംഭത്തിന് തുടക്കമിട്ടത്.

ടാറ്റയുടെ കീഴിലുള്ള ലിസ്റ്റഡ് കമ്പനിയായ ആർട്സൺ എൻജിനിയറിങ് കൊച്ചിയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ഭൂമി കൈമാറ്റ ഉത്തരവടക്കമുള്ള രേഖകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.അതേസമയം, പദ്ധതിക്കായി ടാറ്റ 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിവാദത്തിലായി. ഇത്തരമൊരു കപ്പൽശാല തങ്ങളുടെ അജണ്ടയിൽ ഇല്ലെന്ന് ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തി.

വിവിധ പദ്ധതികളിലൂടെ വരുംവർഷങ്ങളിൽ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപസാധ്യതയെയാണ് 10,000 കോടി എന്ന് സൂചിപ്പിച്ചതെന്നും, ഏതെങ്കിലും ഒരു സ്ഥാപനവുമായി മാത്രമുള്ള ഏക നിക്ഷേപക്കരാറല്ല ഇതെന്നുമാണ് ഓഫീസ് നൽകുന്ന തിരുത്തൽ. കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് 500 കോടിയുടെ ഈ കപ്പൽശാലാ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *