ന്യൂയോർക്ക്: അമേരിക്കൻ മണ്ണിൽ അർജന്റീനയെ തകർത്ത് സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടപ്പോൾ, അത് വെറുമൊരു ഫുട്ബോൾ വിജയം മാത്രമല്ല, കടുത്ത രാഷ്ട്രീയ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുള്ള ‘മധുരപ്രതികാരം’ കൂടിയായി മാറുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ സ്പെയിനുമായി കടുത്ത ഭിന്നതയിലാണ് ട്രംപും ഭരണകൂടവും.

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസിനെ നിരന്തരം കടന്നാക്രമിക്കുന്ന ട്രംപ്, കഴിഞ്ഞദിവസങ്ങളിൽ സ്പെയിനിനെ ‘വലിയ പ്രതീക്ഷയില്ലാത്തവർ’, ‘മോശം ആളുകൾ’ എന്ന രീതിയിലാണ് വിശേഷിപ്പിച്ചിരുന്നത്.

ഇറാനെതിരെ യുഎസും ഇസ്രയേലും ചേർന്ന് നടത്തിയ സൈനിക നീക്കങ്ങൾക്ക് പിന്നാലെയാണ് ട്രംപും സാഞ്ചെസും തമ്മിലുള്ള ബന്ധം പൂർണ്ണമായും വിയോജിപ്പിലായത്. അമേരിക്കൻ പോർവിമാനങ്ങൾക്ക് ആക്രമണം നടത്താൻ സ്പെയിനിന്റെ മണ്ണ് വിട്ടുതരില്ലെന്ന് സാഞ്ചെസ് വ്യക്തമാക്കിയത് ട്രംപിനെ ചൊടിപ്പിച്ചു.

യൂറോപ്പുമായോ നാറ്റോ സഖ്യവുമായോ ആലോചിക്കാതെയാണ് യുഎസ് ഈ യുദ്ധം തുടങ്ങിയതെന്നും, ഇത് യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ മാത്രം യുദ്ധമാണെന്നുമായിരുന്നു യൂറോപ്യൻ യൂണിയന്റെയും സ്പെയിനിന്റെയും നിലപാട്യുദ്ധത്തിൽ യുഎസിനെ പിന്തുണയ്ക്കാനോ പങ്കെടുക്കാനോ നാറ്റോ തയാറാകാതിരുന്നപ്പോൾ, അതിൽ നിർണായക നിലപാട് സ്വീകരിച്ച നാറ്റോ അംഗം കൂടിയായ സ്പെയിനിനെതിരെ ട്രംപ് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

എന്നാൽ ഇതേ അമേരിക്കൻ മണ്ണിൽ വെച്ച് ട്രംപിന്റെ സാന്നിധ്യത്തിൽ തന്നെ ലയണൽ മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോകകിരീടം ഉയർത്തിയത് കായിക ചരിത്രത്തിലെ വലിയൊരു നാടകീയ മുഹൂർത്തമായി മാറി. സ്പാനിഷ് ഭാഷയിൽ ‘Vamos Espana’ (ബാമോസ് എസ്പാന്യ) എന്ന മുദ്രാവാക്യവുമായി സ്പാനിഷ് ആരാധകർ ഇപ്പോൾ ഈ വിജയം തെരുവുകളിൽ ആഘോഷിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *