പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ച പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയ്ക്ക് പുറമെ പ്രതിക്ക് 20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.
ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകളായ 103(1), 126(2) എന്നിവ പ്രകാരം ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.2025 ജനുവരി 27-നായിരുന്നു നെന്മാറ പോത്തുണ്ടി ബോയൻ നഗറിനെ പിടിച്ചുകുലുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. അയൽവാസിയായ സുധാകരനെയും (55) അമ്മ ലക്ഷ്മിയെയും (75) ചെന്താമര വീടിന് മുന്നിൽ വെച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
2019-ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും ചെന്താമര പ്രതിയായിരുന്നു. ഈ കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് പ്രതി വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയത്. തന്റെ ഭാര്യയും മക്കളും തന്നെ ഉപേക്ഷിച്ചു പോകാൻ കാരണം സുധാകരന്റെ കുടുംബമാണെന്ന സംശയവും പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.വിധിപ്രസ്താവനയ്ക്ക് തൊട്ടുമുമ്പ് കോടതിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
തനിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് ബോധ്യപ്പെട്ടതായും എന്തെങ്കിലും പറയാനുണ്ടോ എന്നും കോടതി ചോദിച്ചപ്പോൾ, “എന്നെ തൂക്കിക്കൊന്നോളൂ, ഒരു ചെകിടത്ത് അടിച്ചാൽ മറുചെകിട് കാണിക്കാൻ ഞാൻ ഗാന്ധിജിയല്ല, വേണ്ടി വന്നാൽ ഇനിയും ആളുകളെ കൊല്ലും” എന്നായിരുന്നു പ്രതിയുടെ ഭീഷണി സ്വരത്തിലുള്ള മറുപടി.
പ്രതി സമൂഹത്തിന് വലിയ ഭീഷണിയാണെന്നും പരമാവധി ശിക്ഷ നൽകണമെന്നുമുള്ള പ്രൊസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ഇപ്പോൾ വധശിക്ഷ വിധിച്ചിരിക്കുന്നത്. ചെന്താമരയെ ഭയന്ന് നാടുവിട്ടുപോയ ബോയൻ നഗറിലെ കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതാണ് ഈ വിധി.

