കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജ് ജാതീയ അധിക്ഷേപത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തിൽ തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും കാണിച്ച് നിതിന്റെ പിതാവ് രാജൻ നൽകിയ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ അടിയന്തര നടപടി.

മകന്റേത് ആത്മഹത്യയല്ലെന്നും മാനസികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച പിതാവ്, പ്രതികൾക്ക് അനുകൂലമായി കണ്ണൂരിൽ നിന്ന് അന്വേഷണം അട്ടിമറിച്ചതുകൊണ്ടാണ് രണ്ടാം പ്രതി ഡോ. സംഗീതയ്ക്ക് ജാമ്യം ലഭിച്ചതെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

കേസിലെ മുഖ്യപ്രതിയായ പ്രൊഫസർ ഡോ. എം.കെ. റാമിനെ മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ക്രൈംബ്രാഞ്ച് സംഘം കർണാടകയിലെ കുടകിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഒളിവിൽ പോയ ഇയാൾ, ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നിന്നും പിന്നീട് കർണാടകയിലെ ബന്ധുവീട്ടിലേക്കും മാറുകയായിരുന്നു.

റാം അടക്കമുള്ള കുറ്റക്കാരായ അധ്യാപകരെ മെഡിക്കൽ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്നും അവർക്ക് ഡോക്ടറായി തുടരാൻ അവകാശമില്ലെന്നും നിതിന്റെ കുടുംബം ആവശ്യപ്പെട്ടു. അതേസമയം, ജാമ്യം ലഭിച്ച രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാരെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു

Leave a Reply

Your email address will not be published. Required fields are marked *