ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി) ആഹ്വാനം ചെയ്ത ‘ചലോ സന്‍സദ്’ മാര്‍ച്ചില്‍ ദല്‍ഹിയില്‍ വന്‍ സംഘര്‍ഷം. ജന്തര്‍ മന്തറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് തടയാന്‍ ദല്‍ഹി പൊലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തിയതോടെയാണ് പ്രതിഷേധം സംഘര്‍ഷഭരിതമായത്. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും നേരെ പൊലീസ് ക്രൂരമായ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി.
നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.അയ്യായിരത്തിലധികം പൊലീസുകാരെയും 25 ബറ്റാലിയന് അര്‍ധസൈനിക വിഭാഗത്തെയുമാണ് നഗരത്തില്‍ വിന്യസിച്ചിരുന്നത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ അതീവ സുരക്ഷാ സന്നാഹമാണ് ദല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 20 മുതല്‍ സി.ജെ.പി ജന്തര്‍ മന്തറില്‍ ആരംഭിച്ച അനിശ്ചിതകാല സമരത്തിന് കാലാവസ്ഥാ പ്രവര്ത്തകന് സോനം വാങ്ചുക്, നടന് പ്രകാശ് രാജ്, രാഷ്ട്രീയ നേതാക്കളായ മഹുവ മൊയ്ത്ര, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ പ്രമുഖരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്.ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഒടുവില്‍ സമരക്കാരുമായി ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്.
തുടക്കത്തില്‍ ജില്ലാ മജിസ്ട്രേറ്റ് തലത്തിലുള്ള ചര്‍ച്ചയ്ക്കാണ് സര്‍ക്കാര്‍ ശ്രമിച്ചതെങ്കിലും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ പങ്കെടുക്കണമെന്ന സി.ജെ.പി നേതാക്കളുടെ ഉറച്ച നിലപാടിനെത്തുടര്‍ന്ന്, സി.ജെ.പി പ്രതിനിധികളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രമന്ത്രി ജെ.പി. നദ്ദ തയ്യാറായി. തങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തമാണെന്നും യുവജനങ്ങളുടെ കരുത്തില്‍ സമരം വിജയം കാണുമെന്നും സി.ജെ.പി നേതാവ് സൗരവ് ദാസ് എക്സിലൂടെ വ്യക്തമാക്കുകയുണ്ടായി.

