തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ട് മഴക്കെടുതി വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളിൽ നേരിട്ടെത്തി ക്യാമ്പ് ചെയ്യാൻ മുഖ്യമന്ത്രി നിർദേശിച്ചു.
തിരുവനന്തപുരത്ത് സി.പി. ജോണും പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥും കോട്ടയത്ത് മോൻസ് ജോസഫും ഇടുക്കിയിൽ അനൂപ് ജേക്കബും ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
റവന്യൂ മന്ത്രി സംസ്ഥാനതല ഏകോപനം നിർവഹിക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടർമാർക്ക് അടിയന്തര ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ രണ്ടുപേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയിൽ കോസ്റ്റ് ഗാർഡിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും നേതൃത്വത്തിൽ ഉൾക്കടലിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

