ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെൽഫി വീഡിയോ സന്ദേശ പരമ്പരയെ രൂക്ഷമായി പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത് ദിപ്കെ. ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ പരാമർശം നടത്തിയവർക്ക് ക്ഷമ നൽകുന്നുവെന്ന മോദിയുടെ വീഡിയോയ്ക്ക് താഴെ, “റീലിൽ മാത്രമാണോ ക്ഷമിക്കുന്നത്, അതോ കേസുകൾ പിൻവലിക്കുമോ?” എന്ന് ദിപ്കെ കമന്റ് ചെയ്തു.
സമരം അവസാനിപ്പിക്കാൻ സർക്കാർ ഉറപ്പുനൽകിയിട്ടും പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയ എഫ്.ഐ.ആറുകൾ പിൻവലിക്കുന്നതിൽ മെല്ലെപ്പോക്ക് തുടരുകയാണെന്ന് സി.ജെ.പി ആരോപിച്ചു.
കേസുകൾ പൂർണ്ണമായി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി വീണ്ടും തെരുവിലിറങ്ങുമെന്നാണ് ദിപ്കെയുടെ മുന്നറിയിപ്പ്. ക്യാമറയുടെ ആംഗിളല്ല, മനസ്സിന്റെ ആംഗിളാണ് മാറ്റേണ്ടതെന്ന കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിന് പിന്നാലെ, പ്രധാനമന്ത്രി പദവി ഒഴിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകുന്നതാണ് മോദിക്ക് കൂടുതൽ നല്ലതെന്നും ദിപ്കെ പരിഹസിച്ചിരുന്നു.

