ദുബായ്: അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് നാല് പുതിയ നേരിട്ടുള്ള സർവീസുകൾ ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
നവി മുംബൈ, ഇൻഡോർ, ലഖ്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. അസം തലസ്ഥാനമായ ഗുവഹാത്തിയിലേക്കുള്ള നേരിട്ടുള്ള സർവീസ് ഓഗസ്റ്റ് ഏഴ് മുതൽ ആരംഭിക്കുമെന്ന് അബുദാബി എയർപോർട്സ് അധികൃതർ വ്യക്തമാക്കി.
പുതിയ റൂട്ടുകൾ ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യോമബന്ധവും ടൂറിസം-സാമ്പത്തിക മേഖലകളും കൂടുതൽ ശക്തമാക്കുമെന്ന് അബുദാബി എയർപോർട്സ് സിഇഒ അഹമ്മദ് ജുമാ അൽ ഷംസിയും എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ നിപുൺ അഗർവാളും കൂട്ടിച്ചേർത്തു. പ്രവാസികൾക്കും ബിസിനസ് യാത്രികർക്കും ഏറെ പ്രയോജനകരമാകുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

